കൊച്ചി: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവി ബിജെപിയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാലക്കാട് നഗരസഭാ നേതൃത്വമൊന്നാകെ രംഗത്ത് വരുന്ന സ്ഥിതി പോലും ഉണ്ടായി. സ്ഥാനാർത്ഥി എന്ന നിലയിൽ ഏതു തിരഞ്ഞെടുപ്പ് ഉണ്ടായാലും സി കൃഷ്ണകുമാറിനെ മാത്രം പരിഗണിക്കുന്നു എന്ന വിമർശനവും പല നേതാക്കളും ഉയർത്തിയിരുന്നു. എന്നാൽ അതിനെയെല്ലാം അവഗണിച്ച് കൃഷ്ണകുമാറിനെ തന്നെ സ്ഥാനാർത്ഥി ആക്കിയതാണ് പാലക്കാട്ടെ പരാജയത്തിന് കാരണമെന്ന് പിന്നീട് നേതാക്കൾ തുറന്നടിച്ചു. കൃഷ്ണകുമാറിലൂടെ ആണെങ്കിലും പലരുടെയും ലക്ഷ്യം സുരേന്ദ്രൻ തന്നെയായിരുന്നു. എന്നാൽ പാലക്കാട്ടെ പരാജയവും നിലവിലെ സംഘടനാ വിഷയങ്ങളും ഇനി ചർച്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് ബിജെപി നേതൃത്വം. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന ബിജെപി കോർകമ്മറ്റി ചർച്ച ചെയ്തത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. വരുന്ന തെരഞ്ഞെടുപ്പിനെ ബിജെപി ഏറെ പ്രതീക്ഷയോടെയാണ് സമീപിക്കുന്നത്. സംസ്ഥാനത്തിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും പാർട്ടിയുടെ ശക്തി ഒരേപോലെ തെളിയിക്കുവാൻ കഴിയുന്ന തെരഞ്ഞെടുപ്പായി വരുന്ന തെരഞ്ഞെടുപ്പ് മാറുമെന്ന് അവർ കരുതുന്നു. 250 ഇടത്ത് ഭരണം പിടിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകളിൽ ഭരണം പിടിക്കുക എന്നതും മുഖ്യപദ്ധതിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ 60 മണ്ഡലങ്ങൾ ലക്ഷ്യം വെച്ച് പ്രവർത്തിക്കാനാണ് തീരുമാനം. കോർ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പ്രധാന നേതാക്കളെല്ലാവരും മത്സര രംഗത്തുണ്ടാകും. ഇതിലൂടെ വിജയസാധ്യത വർധിപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഇതിനുവേണ്ടി സംഘടനയെ അടിമുടി തയ്യാറാക്കുക എന്നതാണ് ബിജെപി അടുത്തഘട്ടത്തിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്. സംഘടനാ രീതിയിൽ കേരളത്തിൽ 17 ജില്ലകൾ കൂടി വരും. പ്രവർത്തനം ശക്തിപ്പെടുത്താനാണ് ഈ നടപടി. സംസ്ഥാനത്ത് 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ചാണ് പ്രവർത്തനം ശക്തിപ്പെടുത്താൻ ബിജെപി ഒരുങ്ങുന്നുന്നത്. കേരളത്തെ ആകെ 31 ജില്ലകളാക്കി തരംതിരിച്ച് പ്രവർത്തനം ശക്തിപ്പെടുത്താൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ഇതനുസരിച്ച് 31 ജില്ലാ കമ്മിറ്റികൾ സംസ്ഥാനത്ത് രൂപവൽക്കരിക്കും. 31 ജില്ലാ പ്രസിഡൻ്റുമാരെയും ഭാരവാഹികളെയും നിയമിക്കും. കൂടുതൽ നേതാക്കൾക്ക് അധികാരം നൽകാനാണ് ബിജെപി നീക്കം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളെ മൂന്നായി വിഭജിച്ച്, ഈ മൂന്ന് ജില്ലകളിലും മൂന്ന് പ്രസിഡൻ്റുമാരെ ഇതിലൂടെ നിയമിക്കും. മറ്റ് ജില്ലകളിലും ഇത്തരത്തിൽ കൂടുതൽ നേതാക്കൾക്ക് ചാർജ് നൽകി, പാർട്ടിയെ ശക്തിപ്പെടുത്തും. പാർട്ടിയിൽ കൂടുതൽ പേർ ഭാരവാഹികളാകും. കേന്ദ്ര നേതൃത്വം തന്നെയാണ് വരുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഏകോപനം നടത്തുന്നത്. അതിനായി ദേശീയ നേതാക്കൾക്ക് സംസ്ഥാനത്തെ സോണുകളായി തിരിച്ചു ചുമതലകൾ നൽകും. വിവിധ ആരോപണങ്ങൾ നേരിട്ടെങ്കിലും പ്രകാശ് ജാവദേക്കറിന് തന്നെയാകും തുടർന്നും സംസ്ഥാനത്തിന്റെ ഏകോപന ചുമതല. അതേസമയം, പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരായി ഉയരുന്ന അപസ്വരങ്ങൾ വരുന്ന തിരഞ്ഞെടുപ്പിനെയും ബാധിക്കുമോ എന്ന ആശങ്ക ബിജെപി ദേശീയ നേതൃത്വത്തിന് ഉണ്ട്. ആ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. നിലവിൽ മൗനം തുടരുന്ന ശോഭാസുരേന്ദ്രൻ നാളെകളിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ബിജെപിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. പാർട്ടിക്ക് ഭരണം ഉണ്ടായിരുന്ന പന്തളം നഗരസഭയിൽ നടന്ന സംഭവവികാസങ്ങളിലും ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കൃഷ്ണകുമാറിന് തന്നെയായിരുന്നു പന്തളം നഗരസഭയുടെയും ചുമതല. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കൃഷ്ണകുമാറിനെതിരെ നഗരസഭ അധ്യക്ഷയുടെ ഭർത്താവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പാർട്ടിക്ക് നിലവിലുള്ള നഗരസഭകളിൽ പോലും വലിയ തർക്കങ്ങളും വിഭാഗീയതകളും നിലനിൽക്കുമ്പോൾ എങ്ങനെ കെട്ടുറപ്പുടെ മുന്നോട്ടുപോകും എന്നതിലും ആശങ്കയുണ്ട്. എന്നാൽ ഒരു പുനസംഘടനയിലേക്ക് ബിജെപി നേതൃത്വം കടക്കുമെന്നതിൽ ഒരു സൂചനയും ഇല്ല. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെ സുരേന്ദ്രൻ തന്നെ തുടരുന്നതിനുള്ള സാധ്യതകളാണ് കാണുന്നത്. ജില്ലകൾ തിരിച്ച് നേതാക്കൾക്ക് ചുമതലകൾ നൽകുമ്പോൾ ഇപ്പോഴുള്ള പ്രശ്നങ്ങളെ കൂടി വിലയിരുത്തി ചുമതലകൾ നൽകിയില്ലെങ്കിൽ അത് അതിലും വലിയ പ്രശ്നങ്ങളിലേക്കും ബിജെപിയെ നയിച്ചേക്കാം. ഏതായാലും സംസ്ഥാനത്തെ സ്ഥിതിഗതികളെ ഏറെ ജാഗ്രതയോടെയാണ് ദേശീയ നേതൃത്വം നോക്കിക്കാണുന്നത്. പൊട്ടിത്തെറികൾക്കിടയിലും വരുന്ന തെരഞ്ഞെടുപ്പുകളിലെ നേട്ടത്തെയാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യം വെക്കുന്നത്.




