ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപരിചിതനായ നേതാവാണ് വരുൺ ഗാന്ധി. സഞ്ജയ് ഗാന്ധിയുടെ പുത്രൻ 2013 ൽ 33–ാം വയസ്സിൽ ബിജെപി ജനറൽ സെക്രട്ടറിയായത് ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന സവിശേഷതയോടെയായിരുന്നു. 2004 ലാണ് മേനക ഗാന്ധിയും വരുണും ബിജെപിയിൽ ചേർന്നത്. 2004 മുതൽ അമ്മയ്ക്കും 2009 മുതൽ മകനും ബിജെപി ടിക്കറ്റ് നൽകി, രണ്ട് പേരും തുടർച്ചയായി ജയിച്ചു. മേനക ആദ്യ മോദി സർക്കാരിൽ മന്ത്രിയുമായി. ഇരുവരെയും ബിജെപിയും സംഘപരിവാറും ചേർത്തു നിർത്തിയതിന് ഒറ്റക്കാരണമേ ഉണ്ടായിരുന്നു. അത് പേരിനൊപ്പം ഉണ്ടായിരുന്ന ഗാന്ധി എന്ന പദം മാത്രമാണ്. ഗാന്ധി കുടുംബത്തിൽ നിന്നും രണ്ടുപേരെ അടർത്തിയെടുത്ത് തങ്ങൾക്കൊപ്പം നിർത്തുവാൻ കഴിഞ്ഞത് വലിയ കാര്യമായി ബിജെപി കരുതി. ശരിക്കും അതൊരു വലിയ കാര്യവും ആയിരുന്നു.
ഇന്ത്യയെ ദീർഘകാലത്തോളം നയിച്ച, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജീവനും ജീവാത്മാക്കളും ആയിരുന്ന നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും കുടുംബത്തിൽ നിന്നും രണ്ടുപേരെ സ്വന്തം പാളയത്തിൽ എത്തിക്കുവാൻ കഴിഞ്ഞെങ്കിൽ അത് ബിജെപിയുടെ കഴിവ് തന്നെയാണ്. ബിജെപിയിൽ അംഗത്വം എടുത്തതിന് പിന്നാലെ അത്ഭുതകരമായ വളർച്ചയായിരുന്നു വരുണിന്റെത്. 2016ൽ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാകാൻ വരുൺ യോഗ്യനന്ന നിലയിലുള്ള ചർച്ചകൾ പോലും നടക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രയാഗ്‌രാജിൽ നടന്ന ബിജെപി ദേശീയ നിർവാഹക സമിതിയുടെ വേദിക്കു സമീപം മോദി, അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവർക്കൊപ്പം വരുണിന്റെയും മുഖമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് അതിന്റെ സൂചനയായിരുന്നു.






