തിരുവനന്തപുരം: തമിഴ്നാട് സ്വദേശിനിയായ 37കാരിയുടെ കണ്ണിൽനിന്ന് പത്തു സെന്‍റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ വിജയകരമായി പുറത്തെടുത്ത് കിംസ്ഹെൽത്ത്. രണ്ട് ദിവസമായി വലതുകണ്ണിൽ നീർക്കെട്ടും കടുത്ത വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് യുവതിയെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
വിദഗ്ധ പരിശോധനയിൽ കണ്ണിന്റെ നേര്‍ത്ത സുതാര്യ പാളിയായ കൺജങ്‌ടൈവയ്ക്ക് അടിയിൽ വിര സാന്നിധ്യം കണ്ടെത്തി. ഒഫ്താൽമോളജി വിഭാഗം കൺസൾട്ടന്റ് ഡോ അസ്ഗർ അബ്ബാസ് നയിച്ച മെഡിക്കൽ സംഘം അതീവ ജാഗ്രതയോടെ ശസ്ത്രക്രിയ നടത്തി, കാഴ്ചയ്ക്ക് യാതൊരു തകരാറും സംഭവിക്കാതെയാണ് വിരയെ പുറത്തെടുത്തത്.
സമയബന്ധിതമായ രോഗനിർണ്ണയവും ചികിത്സയും നിർണായകമാണെന്ന് ഡോ. അസ്ഗർ അബ്ബാസ് വ്യക്തമാക്കി. ചെറിയ താമസം പോലും കാഴ്ചയെ ബാധിക്കുന്ന ഗുരുതര സങ്കീർണതകൾക്ക് കാരണമായേനെയെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനയിൽ ‘ഡൈറോ ഫൈലേറിയ’ വിഭാഗത്തിൽപ്പെട്ട വിരയാണിതെന്ന് കണ്ടെത്തി. സാധാരണയായി നായ്ക്കളിലും പൂച്ചകളിലും കാണപ്പെടുന്ന ഈ പരാന്നഭോജി കൊതുകുകൾ വഴിയാണ് മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യശരീരത്തിൽ ഇവ അധികകാലം നിലനിൽക്കാറില്ലെങ്കിലും അപൂർവമായി ചർമ്മത്തിനടിയിലോ കണ്ണിനോടു ചേർന്നോ വളരാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
വിരയെ നീക്കം ചെയ്തതോടെ യുവതിയുടെ വേദനയും അസ്വസ്ഥതയും കുറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. നീർക്കെട്ട് പൂർണമായി മാറുന്നതിനായി തുടർചികിത്സയും മരുന്നുകളും നിർദേശിച്ചിട്ടുണ്ട്.




