ന്യൂഡൽഹി: ജർമനിയുടെ കുടിയേറ്റ നയത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന രാജ്യം ഇന്ത്യയാണെന്ന് ജർമൻ ബഹുരാഷ്ട്രകാര്യ കമ്മീഷൻ അംഗം ഫ്ലോറിയൻ ലോഡി പറഞ്ഞു. ജർമനിയിലേക്ക് എത്തുന്നവരിൽ ഏറ്റവും കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ ഇന്ത്യയിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ മിഷൻ സംഘടിപ്പിച്ച ‘കുടിയേറ്റ ഭരണത്തിൽ ഡിജിറ്റൽ നവീകരണത്തിന്റെ സ്വാധീനം’ എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് ജർമനിയിൽ വലിയ അവസരങ്ങളാണുള്ളതെന്നും ഇതിലൂടെ അവിടത്തെ തൊഴിൽക്ഷാമം പരിഹരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വൈദഗ്ധ്യമുള്ള തൊഴിലാളികൾ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഇന്ത്യൻ തൊഴിലാളികൾക്ക് ഉയർന്ന പരിജ്ഞാനമുണ്ടെന്നും അതിനാൽ മികച്ച ശമ്പളവും അവസരങ്ങളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2025ൽ മാത്രം 1.80 ലക്ഷം തൊഴിലാളികൾ ജർമനിയിലേക്ക് എത്തിയതായും കഴിഞ്ഞ പത്ത് വർഷത്തിനിടെ ഈ എണ്ണത്തിൽ വലിയ വർധന ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.വിദഗ്ധ തൊഴിലാളികളുടെ രംഗത്ത് ജർമനിയുടെ ഏറ്റവും വലിയ പങ്കാളിയാണ് ഇന്ത്യയെന്നും ഫ്ലോറിയൻ ലോഡി പറഞ്ഞു.






