കൊച്ചി: വ്യക്തികളെ കുടിയൊഴിപ്പിക്കാൻ ഉത്തരവിടാനുള്ള അധികാരം സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ന്യൂനപക്ഷ കമ്മിഷൻ നൽകിയ കുടിയിറക്കൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. രജിസ്ട്രേഷൻ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞ് നൽകുന്നില്ലെന്നാരോപിച്ച് അബ്ദുൽ സലാം നൽകിയ പരാതിയിലായിരുന്നു ന്യൂനപക്ഷ കമ്മിഷൻ ഇടപെട്ടത്.
പ്രമാണങ്ങൾ രജിസ്റ്റർ ചെയ്ത ശേഷവും സ്ഥലം കൈമാറുന്നില്ലെങ്കിൽ ബന്ധപ്പെട്ടവർ സിവിൽ കോടതിയെ സമീപിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അതിന് പകരം ന്യൂനപക്ഷ കമ്മിഷനെ സമീപിക്കുന്നത് നിയമ നടപടികൾ ഒഴിവാക്കാനുള്ള ശ്രമമാണെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം പരാതികൾ പരിഗണിക്കാൻ ന്യൂനപക്ഷ കമ്മിഷന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. സർക്കാരിന് ശുപാർശകൾ നൽകുന്നതിലേക്കാണ് കമ്മിഷന്റെ അധികാരം പരിമിതമെന്നും വിധിയിൽ പറയുന്നു. ഈ പരിധി ലംഘിച്ചാണ് കമ്മിഷൻ കുടിയിറക്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വിലയിരുത്തിയ കോടതി, അതിനാൽ ഉത്തരവ് അസാധുവാണെന്ന് പ്രഖ്യാപിച്ചു.






