തിരുവനന്തപുരം: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചെറുകുളം മധു ഭവനിൽ ബിനീഷിന്റെ മകൾ ആൻസിയാണ് മരിച്ചത്. ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് അൻസി പിതാവ് ബിനീഷിനൊപ്പം വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം.
വെള്ളനാട് ഭാഗത്ത് നിന്നു വന്ന ബുള്ളറ്റും ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുവെച്ചു തന്നെ ആൻസി മരണപെട്ടു. ബിനീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻസിയുടെ മൃതദേഹം ആര്യനാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.




