ലഖ്‌നൗ: ഐഫോണ്‍ ഡെലിവറി ചെയ്യാനെത്തിയ ഫ്ലിപ്കാര്‍ട്ട് ഡെലിവറി ഏജന്റിനെ ഉപഭോക്താവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ലഖ്നൗവിലെ ചിന്‍ഹട്ട് സ്റ്റേഷന്‍ ഏരിയയിലാണ് സംഭവം. ഫ്‌ലിപ്കാര്‍ട്ട് ഡെലിവറി ഏജന്റായ ഭരത് കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കില്‍ കെട്ടി കനാലില്‍ എറിഞ്ഞതായും പൊലീസ് അറിയിച്ചു. കഴുത്ത് ഞെരിച്ചാണ് പ്രതികള്‍ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയത്.
ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ഉപയോഗിച്ചാണ് ഉപഭോക്താവ് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. ഫോണിന്റെ 1.5 ലക്ഷം രൂപ നല്‍കാതിരിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മൃതദേഹം ഇന്ദിരാ കനാലിലാണ് വലിച്ചെറിഞ്ഞത്. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ മൃതദേഹത്തിനായുളള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.




