പുതിയ എകെജി സെന്ററിന്റെ ഉദ്ഘാടന ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. സിപിഎമ്മിന്റെ ഏറ്റവും സുപ്രധാന പദവി അതിന്റെ ജനറൽ സെക്രട്ടറി ആണെന്നാണല്ലോ വയ്പ്പ്. നിലവിൽ മലയാളി കൂടിയായ എം എ ബേബിയാണ് സിപിഎമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറി. പാർട്ടിയുടെ ഏറ്റവും ഉയർന്നതും സുപ്രധാനവുമായ പദവി വഹിക്കുന്നത് സാക്ഷാൽ ബേബിയാണ്. എന്നാൽ കഴിഞ്ഞദിവസം എകെജി സെന്ററിന്റെ ഉദ്ഘാടനം നടന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അത് നിർവഹിച്ചത്.
പാർട്ടിയുടെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന ബേബിക്ക് ആകട്ടെ മൂന്നാം നിരയിൽ ആയിരുന്നു സ്ഥാനം. ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങൾ വഹിച്ചാലും ഇന്നത്തെ സിപിഎമ്മിന്റെ അവസാനത്തെ വാക്ക് പിണറായി വിജയൻ ആണെന്നതിന്റെ സാക്ഷ്യം ആയിരുന്നു ഇന്നലത്തെ ഉദ്ഘാടനം. യെച്ചൂരിയെ പോലെ നിലപാടും ആർജ്ജവവും ഉള്ളവർ ഇരുന്ന കസേരയിലാണ് ഇന്ന് ബേബി ഇരിക്കുന്നതെന്ന് നാം വിസ്മരിക്കരുത്. നമ്മളല്ലല്ലോ, ബേബി ആണല്ലോ അത് ഓർക്കേണ്ടത്.
എന്തുകൊണ്ടായിരിക്കും സാക്ഷാൽ പിണറായി വിജയന്റെ കാര്യത്തിൽ ബേബി ഉൾപ്പെടെയുള്ളവർക്ക് അത്രമേൽ വിധേയത്വം എടുക്കേണ്ടി വരുന്നത്. കേരളം പോലെ ഒരു സംസ്ഥാനത്ത് മാത്രമാണ് ഇന്ന് സിപിഎം പ്രവർത്തിക്കുന്നത് എന്ന കാര്യം വാസ്തവമാണ്. അതിനപ്പുറത്തേക്ക് മറ്റ് പല സംസ്ഥാനങ്ങളിലും സിപിഎമ്മിന് കേവലം സാന്നിധ്യം മാത്രമാണുള്ളത്. കഴിഞ്ഞ കുറേ വർഷക്കാലമായി സാഹചര്യം അങ്ങനെയാണ്. എന്നാൽ ഇതൊന്നും പിണറായിയിലേക്ക് പാർട്ടിയുടെ സമ്പൂർണ്ണ അധികാരം കൈമാറുന്നതിനുള്ള അടിസ്ഥാന കാരണങ്ങളെയല്ല.
സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി എന്ന് പറയുമ്പോൾ ആ പാർട്ടിയുടെ ഏറ്റവും സുപ്രധാനമായ പദവിയാണ്. ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെക്കാൾ ഒരു പാർട്ടി എന്ന ചട്ടക്കൂടിലേക്ക് വരുമ്പോൾ അതിന്റെ ജനറൽ സെക്രട്ടറിക്ക് തന്നെയാണ് കൂടുതൽ പ്രാമുഖ്യം. എന്നാൽ ഇന്നലത്തെ ഉദ്ഘാടനം കാണുമ്പോൾ ജനറൽ സെക്രട്ടറിക്ക് യാതൊരു പ്രാധാന്യവും ഇല്ലെന്ന് ആർക്കും തോന്നും. അല്ലെങ്കിൽ ആരും അത്തരമൊരു പ്രാധാന്യം നൽകുന്നില്ല എന്ന് മനസ്സിലാകും.
ഇന്നത്തെ സിപിഎമ്മിന്റെ സംഘടനാ സ്വഭാവം വിളിച്ചുകാട്ടുന്നതായിരുന്നു ഇന്നലത്തെ ഉദ്ഘാടനം. സിപിഎമ്മിന്റെ അവസാനവാക്കും തീരുമാനങ്ങൾ എടുക്കുകയും എല്ലാം ചെയ്യുന്നത് ഇന്ന് പിണറായി വിജയനാണ്. കാലങ്ങളുടെ പാരമ്പര്യവും പൈതൃകവും ഉള്ള ഒരു പാർട്ടിയെ എല്ലാത്തരത്തിലും ഹൈജാക്ക് ചെയ്യുവാൻ പിണറായി വിജയനെന്ന നേതാവിന് കഴിഞ്ഞിരിക്കുന്നു. തന്റെ താൽപര്യങ്ങളിലൂടെ മാത്രം സിപിഎം മുന്നോട്ടുപോകണമെന്നാണ് പിണറായി വിജയൻ ആഗ്രഹിക്കുന്നത്. ബാക്കിയെല്ലാവരും അതിനൊത്ത് സഞ്ചരിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. പിണറായി വിജയൻ തന്നെയാണ് സിപിഎമ്മിന്റെ എല്ലാമെല്ലാമെന്നു കഴിഞ്ഞ സംസ്ഥാന സമ്മേളന കാലയളവിൽ നാം കണ്ടതാണ്.
പിണറായി-വിഎസ് ഗ്രൂപ്പുവഴക്കിൽ പിണറായി പക്ഷത്തിന് പടയൊരുക്കിയ നേതാവായിരുന്നു ജി.സുധാകരൻ. രക്ത സാക്ഷി കുടുംബത്തിലെ അംഗമാണ്. 1977 ൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ജി.ഭുവനേശ്വരൻ സുധാകരന്റെ സഹോദരനാണ്. പരിഗണിക്കാൻ യോഗ്യതകൾ ഏറെയുണ്ടായിട്ടും സുധാകരനെ അവഗണിക്കുകയായിരുന്നു നേതൃത്വം. അതിന് പിന്നിൽ പിണറായി വിജയന്റെ ജി സുധാകരനോടുള്ള വിരോധം തന്നെയായിരുന്നു. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രാദേശിക സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ വലിയതോതിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ജില്ലാ സമ്മേളനങ്ങളിൽ എല്ലായിടത്തും പിണറായി വിജയൻ നേരിട്ട് പങ്കെടുത്തതോടെ എവിടെയും വിമത സ്വരങ്ങൾ ഉയർന്നില്ല.
ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയായിരുന്നു. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുത്തെങ്കിലും യാതൊരു പ്രാധാന്യവും ലഭിച്ചില്ല. തീരുമാനങ്ങളിൽ അടക്കം അദ്ദേഹത്തെ നോക്കുകുത്തി ആക്കുക മാത്രമായിരുന്നു. പാർട്ടിക്കുള്ളിൽ ഒരു ഏകാധിപതിയെപ്പോലെ പിണറായി നിലകൊള്ളുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയാകുന്നു. വിവിധ വകുപ്പുകളും മന്ത്രിമാരും ഉണ്ടെന്നിരിക്കെ എല്ലാത്തിലും തീരുമാനങ്ങൾ എടുക്കുന്നത് മുഖ്യമന്ത്രി മാത്രമാണ്. ഇതര മന്ത്രിമാർക്കും വകുപ്പുകൾക്കും യാതൊരു പ്രസക്തിയും ഇല്ലാത്ത പിണറായിക്കാലം. ഘടകകക്ഷി നേതാക്കൾക്കും സിപിഎമ്മിലെ തന്നെ ഒരു വിഭാഗത്തിനും മുഖ്യമന്ത്രിയുടെ ഈ ഏകാധിപത്യത്തിൽ എതിർ അഭിപ്രായങ്ങൾ ഉണ്ടെങ്കിലും സ്വന്തം നിലനിൽപ്പ് ഭയന്ന് ആരും മറിച്ചൊന്നും പറയുന്നില്ലെന്നു മാത്രം.



