കോട്ടയം: ശബരിമല വനമേഖലയോടു ചേർന്നുള്ള എരുമേലി പാക്കാനം സെറ്റിൽമെന്റിലെ അടുത്തടുത്തുള്ള രണ്ട് വീടുകളിൽ പൂട്ടിയിട്ടിരുന്ന വളർത്തുനായ്ക്കളെ പുലി ആക്രമിച്ചു. ഒരു നായ ചത്തു. ഒരെണ്ണത്തിന് മാരക പരുക്ക് ഏറ്റിട്ടുണ്ട്. പുലിയുടെ സാന്നിധ്യം ഈ മേഖലയിലുണ്ട്. പുലിയുടെ കാൽപാടുകളും ഇവിടെ കണ്ടെത്തി. ഇതോടെ വനം വകുപ്പ് ഇവിടെ ക്യാമറ സ്ഥാപിച്ചു.
എരുമേലിലെ തന്നെ കാരിശേരി സെറ്റിൽമെന്റ് പാക്കാനം ഏന്തക്കുന്നിലാണ് സംഭവം. ഈറ്റയ്ക്കൽ ഉദയഭാനുവിന്റെ നായയെ ആണ് പുലി കടിച്ചുകൊന്നത്. കണിയാപറമ്പിൽ ലിജിൻ തോമസിന്റെ നായയ്ക്കാണു ദേഹത്ത് മാരകമായ മുറിവുകളുള്ളത്. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണു സംഭവം. ഈ സമയം ഉദയഭാനുവിന്റെ വീട്ടിൽ ആൾ ഇല്ലായിരുന്നു.
വിടിനു മുമ്പിൽ തുടലിൽ പൂട്ടിയിട്ടിരുന്ന നായ്ക്കളെ ആക്രമിച്ചത് പുലി തന്നെയാണെന്നു സംശയിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഓഫിസർ ബി. വിനോദ് കുമാർ പറഞ്ഞു. പ്രദേശത്ത് ആദ്യമായാണ് പുലിയുടെ സാന്നിധ്യം കാണുന്നത്.






