തൃശ്ശൂർ: വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതയ്ക്കെതിരെ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി, അൻസാർ വിമൻസ് കോളേജ് നേതൃത്വത്തിൽ ശ്രദ്ധേയമായ സാമൂഹിക ഇടപെടൽ സംഘടിപ്പിച്ചു.
‘സേഫ് മൈൻഡ്– ടുഗെതർ വീ ഹീൽ’ എന്ന ആശയവാക്യവുമായി 1500ലധികം വിദ്യാർഥിനികളെ അണിനിരത്തി, ലോകത്തിലെ ഏറ്റവും വലിയ ആത്മഹത്യ പ്രതിരോധ ലോഗോ കോളേജ് ഗ്രൗണ്ടിൽ തീർത്തത് ശ്രദ്ധേയമായി.ഈ അപൂർവ നേട്ടം കോളേജ് ടാലന്റ് റെക്കോർഡ് ബുക്കിൽ ഔദ്യോഗികമായി രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി നൃത്തസംഗീത ശില്പാവിഷ്‌കാരങ്ങൾ, ഒപ്പ് ശേഖരണം, പെരുമ്പിലാവ് ജംഗ്ഷനിൽ വിദ്യാർത്ഥികളുടെ ബോധവൽക്കരണ റാലി എന്നിവയും നടന്നു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധർമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫരീദ ജെ അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി ഓഫീസർ കെ.ആർ. പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗങ്ങളായ വി.കെ. അബ്ദുൽ റസാക്ക്, സ്മിത മുരളി, അൻസാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ ഷാജു മുഹമ്മദുണ്ണി, ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. മഹ്മൂദ് ശിഹാബ്, ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഷൈനി ഹംസ, ഡയറക്ടർ ഡോ. നജീബ് മുഹമ്മദ്, വാല്യു എജ്യുക്കേഷൻ ഡയറക്ടർ ഇ.എം. മുഹമ്മദ് അമീൻ, ഡോ. സൈക്കോ മുഹമ്മദ് എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ആരിഫ് ടി.എ, പ്രോഗ്രാം കൺവീനർ ഗ്രീഷ്മ രവീന്ദ്രൻ, ടാലന്റ് റെക്കോർഡ് ബുക്ക് പ്രതിനിധികളായ ഗിന്നസ് സത്താർ ആദൂർ, ഡോ. വിന്നർ ഷെരീഫ്, നാക് കോർഡിനേറ്റർ സുനിയ ഇബ്രാഹിംകുട്ടി, ഐക്യു.എ.സി കോർഡിനേറ്റർ ജൂബി ജോയ്, അധ്യാപകർ, യൂണിയൻ ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.




