തിരുവനന്തപുരം: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടെന്ന കെ. സുധാകരന്റെ പരസ്യ പ്രസ്താവന പാർട്ടിക്കുള്ളിൽ വിവാദമായി. വിഷയത്തിൽ ഒരു വിഭാഗം നേതാക്കൾ പാർട്ടി നേതൃത്വത്തോട് പരാതി നൽകിയിട്ടുണ്ട്. ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിക്കാത്തതിൽ അതൃപ്തിയും ഉയരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചയിൽ ലോബിയിങ് വേണ്ടെന്ന നിലപാടിലാണ് വി.ഡി. സതീശൻ പക്ഷം. അതേസമയം വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ.
മുഖ്യമന്ത്രി ചർച്ചകൾക്കുള്ള വിലക്ക് അവഗണിച്ച് കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കെ. സുധാകരൻ കോൺഗ്രസ് അധ്യക്ഷനെ കണ്ടെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടെന്നും മാധ്യമങ്ങളോട് പറഞ്ഞത്. ഈ നീക്കങ്ങൾക്കെതിരെയാണ് പരാതി ഉയർന്നത്.
വിവാദം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ പാർട്ടി അധ്യക്ഷന് കത്ത് നൽകിയെങ്കിലും നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ. സുധാകരൻ അധ്യക്ഷനെ കണ്ടെന്ന അവകാശവാദം പാർട്ടി അധ്യക്ഷന്റെ ഓഫീസ് നിഷേധിച്ചു.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് സമയത്ത് എംപിമാരുടെ നിലപാടും പരിഗണിക്കുമെങ്കിലും ഇപ്പോൾ ആരോടും അഭിപ്രായം തേടിയിട്ടില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ അനൗദ്യോഗിക പ്രതികരണം. വിവാദത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ തീരുമാനം. മാധ്യമങ്ങളോട് സതീശൻ പ്രതികരിച്ചില്ല.






