കൊച്ചി: കേരഫെഡ് മുൻ ചെയർമാനും സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.പി. ശശീന്ദ്രൻ (76) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം, ജില്ലയിലും പെരുമ്പാവൂരിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി. രാജീവും അനുശോചിച്ചു.
എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, എകെജി മെമ്മോറിയൽ എജുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, സിപിഎം പെരുമ്പാവൂർ ഏരിയ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി നിരവധി നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് മർദനവും നേരിട്ടിട്ടുണ്ട്.
പെരുമ്പാവൂർ മുൻ ഏരിയ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് അംഗം, അശമന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, കള്ളുഷാപ്പ് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, പിആർ ശിവൻ സാംസ്കാരിക പഠനകേന്ദ്രം പ്രസിഡന്റ് തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. നിലവിൽ ഓടത്താലി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പരേതയായ അജിതകുമാരി. മക്കൾ: ബിനിൽരാജ്, ലക്ഷ്മി ലത. മരുമക്കൾ: സുനിത, ബി. അരുൺ.




