ബംഗളൂരു: വെസ്റ്റ് ഇന്ഡീസിനെതിരായ അവസാന ടി20 പോരാട്ടത്തിനുള്ള ഇന്ത്യന് ടീമിലേക്ക് വെറ്ററന് പേസര് ഭുവനേശ്വര് കുമാറിനെ ഉള്പ്പെടുത്തി. ഷോള്ഡറിനു പരിക്കേറ്റ അര്ഷ്ദീപ് സിങിനു പകരമാണ് ഭുവിയുടെ മടങ്ങി വരവ്. ഹൈദരാബാദില് അരങ്ങേറിയ നാലാം പോരാട്ടത്തിനിടെയാണ് അര്ഷ്ദീപിന്റെ ഷോള്ഡറിനു പരിക്കേറ്റത്. ഇതോടെയാണ് താരം അഞ്ചാം പോരാട്ടം കളിക്കുമോ എന്ന കാര്യത്തില് സംശയം വന്നത്. പിന്നാലെയാണ് ബേക്ക്അപ്പ് എന്ന നിലയില് ഭുവനേശ്വറിന്റെ വരവ്.
പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും പോരാട്ടം ചിന്നസ്വാമി സ്റ്റേഡിയത്തില് നടക്കാനിരിക്കെയാണ് വെറ്ററന് താരത്തിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്. അര്ഷ്ദീപിന് നാളെ കളിക്കാന് സാധിച്ചില്ലെങ്കില് ഭുവനേശ്വര് പ്ലെയിങ് ഇലവനില് ഉള്പ്പെടും. നിലവില് പരമ്പരയില് ഇരു ടീമുകളും 2 വീതം മത്സരങ്ങള് ജയിച്ച് സമനിലയില് നില്ക്കുന്നതിനാല് അവസാന പോരാട്ടത്തിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. നേരത്തെ, ന്യൂസിലന്ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിലേക്ക് ഭുവിയെ ഉള്പ്പെടുത്തിയിരുന്നു. 2022ലെ ടി20 ലോകകപ്പ് സെമിയിലാണ് അവസാനമായി ഭുവനേശ്വര് കുമാര് ഇന്ത്യക്കായി കളിച്ചത്. പിന്നീട് താരത്തിന് ടീമില് ഇടംകിട്ടിയിരുന്നില്ല.




