തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ 16-ാമത് ചെയർമാനായി പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശി സ്വദേശിയും മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥ് ചുമതലയേറ്റു. ഡോ. വി.കെ. വിജയനും വി.ജി. രവീന്ദ്രനും സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് എ.വി. ഗോപിനാഥിനെയുംഎം.യു. ഷിനിജയെയും സർക്കാർ ഭരണസമിതി അംഗങ്ങളായി നാമനിർദ്ദേശം ചെയ്തത്. ഞായറാഴ്ച രാവിലെ പത്തേകാലോടെ തെക്കേനടയിലെ വൈഷ്ണവം ഓഡിറ്റോറിയത്തിലാണ് ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നത്.
ചടങ്ങിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മിഷണറുമായ എം.ജി. രാജമാണിക്കം അധ്യക്ഷനായി. അദ്ദേഹം പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ദേവസ്വം കോൺഫറൻസ് ഹാളിൽ കമ്മിഷണറുടെ സാന്നിധ്യത്തിൽ ചേർന്ന ഭരണസമിതി യോഗത്തിലാണ് ചെയർമാനെ തിരഞ്ഞെടുത്തത്. ഭരണസമിതി അംഗം സി. മനോജ് എ.വി. ഗോപിനാഥിന്റെ പേര് നിർദേശിക്കുകയും കെ എസ് ബാലഗോപാൽ പിന്താങ്ങുകയും ചെയ്തു. തുടർന്ന് രേഖകളിൽ ഒപ്പുവെച്ചാണ് അദ്ദേഹം ചെയർമാനായി ചുമതലയേറ്റത്.
ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, എം.യു. ഷിനിജ എന്നിവരും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാറും ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടാതെ എൻ കെ അക്ബർ , ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ , വൈസ് ചെയർമാൻ ജ്യോതി രാജ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.






