കോട്ടയം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉഴവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്കും മത്സരരംഗത്തുണ്ടായിരുന്നവർക്കും സ്വീകരണം നൽകി. മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഓഡിറ്റേറിയത്തിൽ നടന്ന പ്രൗഢമായ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും നാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും അദ്ദേഹം ജനപ്രതിനിധികളെ ആഹ്വാനം ചെയ്തു.
ഉഴവൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രവർത്തന പരിധിയിലുള്ള ആറ് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും തെരഞ്ഞെടുപ്പിൽ പങ്കെടുത്ത സ്ഥാനാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വി.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
കെ.പി.സി.സി മെമ്പർ ജാൻസ് കുന്നപ്പള്ളി, ഡി.സി.സി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജ് പയസ്, സെബാസ്റ്റ്യൻ ജോയി, സണ്ണി വടക്കേടത്ത്, മാർട്ടിൻ അഗസ്റ്റ്യൻ പന്നിക്കോട്ട് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വരും നാളുകളിൽ ബ്ലോക്ക് പരിധിയിൽ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.






