തിരുവനന്തപുരം: പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം ബൈക്കും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് കള്ളിപ്പാറ സ്വദേശിയായ അനന്തു ആണ് മരണപ്പെട്ടത്. പാലോട് പ്രവർത്തിക്കുന്ന ഒരു ജിംയിലെ ട്രെയിനറായ അനന്തു, ഇന്ന് രാവിലെ 8:45-ഓടെ പരിശീലനം കഴിഞ്ഞ് ബൈക്കിലെത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് നന്ദിയൊടുത്ത് അമിത വേഗതയിൽ മീൻ കയറ്റി വരുകയായിരുന്ന മിനി ലോറി ബൈക്കിൽ ഇടിച്ചത്.
അപകടത്തിൽ അനന്തു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അനന്തു പാലോട്ടെ ഒരു മൊബൈൽ ഷോപ്പിലും ജീവനക്കാരനായിരുന്നു. അപകടം നടന്നയുടൻ പൊലിസ് സ്ഥലത്തെത്തുകയും മീൻ ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അപകടത്തിൽ അമിത വേഗതയാണ് പ്രധാന കാരണം എന്നാണ് പ്രാഥമിക നിഗമനം. പാലോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




