കോഴിക്കോട്: മലാപ്പറമ്പ് സർവീസ് റോഡിൽ ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ധർമടം സ്വദേശിയായ കെ. പ്രഗിൽ (37) ആണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. റോഡിൽ നിന്ന് നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ സൈൻ ബോർഡിൽ ഇടിച്ചാണ് അപകടമുണ്ടായത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ ആശുപത്രിയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുന്ന ഒരു കാർ ദൃശ്യങ്ങളിൽ കാണാം. ആ കാർ കണ്ട് വേഗം കുറയ്ക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ പ്രഗിലിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




