ടെഹ്‌റാൻ: ഇറാന്റെ ആണവ–മിസൈൽ ശേഷി രാജ്യത്തിന്റെ ദേശീയ സ്വത്താണെന്നും അതിനെ കർശനമായി സംരക്ഷിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി വ്യക്തമാക്കി. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് മറുപടിയായാണ് ഈ പ്രതികരണം.
രാജ്യത്തിനകത്തും പുറത്തുമുള്ള ഇറാനികൾ ആണവ-മിസൈൽ ശേഷിയെ വെള്ളം, ഭൂമി, വായു അതിർത്തികളുപോലെ തന്നെ ദേശീയ സമ്പത്തായി കണക്കാക്കുന്നുവെന്നും അത് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പേർഷ്യൻ ഉൾക്കടൽ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലായിരുന്നു ഈ പരാമർശങ്ങൾ.
പേർഷ്യൻ ഉൾക്കടലിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും ശത്രുക്കൾ ഈ ജലപാത ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്നും ഖമനേയി കൂട്ടിച്ചേർത്തു. മേഖലയിലെ മുസ്ലിം രാജ്യങ്ങൾക്കും പ്രത്യേകിച്ച് ഇറാനിയൻ ജനതയ്ക്കും പേർഷ്യൻ ഉൾക്കടൽ ദൈവത്തിന്റെ വിലമതിക്കാനാവാത്ത അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഉൾപ്പെടുന്ന ഈ തന്ത്രപ്രധാന പ്രദേശം നൂറ്റാണ്ടുകളായി പല ശക്തികളും ലക്ഷ്യമിട്ടിട്ടുണ്ടെന്നും ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാല സംഭവങ്ങൾ അതിന്റെ പുതിയ ഉദാഹരണമാണെന്നും പറഞ്ഞു.
പേർഷ്യൻ ഉൾക്കടൽ മേഖലയിൽ നിന്ന് വിദേശ ശക്തികളുടെ സ്വാധീനം അവസാനിപ്പിച്ചിരിക്കുകയാണെന്നും, അമേരിക്കയുടെ പരാജയത്തിന് പിന്നാലെ ഈ പ്രദേശത്തിനും ഹോർമുസ് കടലിടുക്കിനും പുതിയ അധ്യായം തുറക്കുകയാണെന്നും ഖമനേയി പറഞ്ഞു.
മേഖലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് പ്രധാന കാരണം അമേരിക്കൻ സൈനിക സാന്നിധ്യമാണെന്നും, സ്വന്തം സുരക്ഷ പോലും ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയിൽ മറ്റുള്ളവരെ സംരക്ഷിക്കാനാകില്ലെന്നും അദ്ദേഹം വിമർശിച്ചു.
പേർഷ്യൻ ഉൾക്കടൽ മേഖലയിലെ ഭാവി വിദേശ ഇടപെടലുകളില്ലാത്തതായിരിക്കുമെന്നും അത് അവിടത്തെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ പുതിയ നിയമ-ഭരണ സംവിധാനങ്ങൾ മേഖലയിലെ ജനങ്ങൾക്ക് ഗുണകരമാകുമെന്നും പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.




