ഇടുക്കി: ചിന്നക്കനാലിനുസമീപം സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശി മധുവിനാണ് പരിക്കേറ്റത്.
കൃഷിയിടത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് കാട്ടാന ഇറങ്ങിയ വിവരം അറിയാതെ പോയ മധുവിനെ വേലിക്കരികിൽ മറഞ്ഞുനിന്നിരുന്ന ആന തുമ്പിക്കൈ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ മുഖം, നെഞ്ച്, കാലുകൾ എന്നിവയ്ക്ക് പരിക്കേറ്റു.
പരിക്കേറ്റ മധു പിന്നീട് ഓടി രക്ഷപ്പെടുകയും നാട്ടുകാർ ചേർന്ന് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുതപ്രതികരണ സംഘവും സ്ഥലത്തെത്തി കാട്ടാനയെ തുരത്തി. ചികിത്സയ്ക്കാവശ്യമായ സഹായം വനംവകുപ്പ് നൽകുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ചിന്നക്കനാൽ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ പറയുന്നു. വേനൽ ശക്തമായതോടെ സിങ്കുകണ്ടം ഉൾപ്പെടെയുള്ള മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം കൂടിയതായും, പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണെന്നും അവർ വ്യക്തമാക്കി.






