ന്യൂഡൽഹി: ഗോവയിൽ പുതിയ സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവ ഫോർവേഡ് പാർട്ടിയുമായി ചേർന്നാണ് ആംആദ്മി പാർട്ടി മത്സരിക്കുക. ‘ഗോവ ഫസ്റ്റ്’ എന്ന പേരിലാണ് സഖ്യം പ്രഖ്യാപിച്ചത്.
ഗോവയിലെത്തിയാണ് ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ സഖ്യ പ്രഖ്യാപനം നടത്തിയത്. പുതിയ സഖ്യം കോൺഗ്രസിനും ബിജെപിക്കും ശക്തമായ വെല്ലുവിളിയാകുമെന്ന് കെജ്രിവാൾ അവകാശപ്പെട്ടു.
40 അംഗ ഗോവ നിയമസഭയിൽ നിലവിൽ ആംആദ്മി പാർട്ടിക്ക് രണ്ട് എംഎൽഎമാരും ഗോവ ഫോർവേഡ് പാർട്ടിക്ക് ഒരു എംഎൽഎയുമാണുള്ളത്. എൻഡിഎയ്ക്ക് 31 അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്ത് ആകെ ഏഴ് അംഗങ്ങളാണുള്ളത്. രണ്ട് സീറ്റുകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും ബദലായി സഖ്യത്തെ ഉയർത്തിക്കാട്ടാനാണ് ആംആദ്മി പാർട്ടിയുടെ നീക്കം.


