കണ്ണൂർ: എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി നവംബർ 12ന് പ്രഖ്യാപിക്കും. സിപിഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവരുൾപ്പെടെ 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി വിധിക്കുക. കൊച്ചി സ്പെഷ്യൽ കോടതി മൂന്ന് ജഡ്ജി ശബരിനാഥാണ് കേസിൽ വിധി പറയുന്നത്.
2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ അരിയിൽ പ്രദേശത്തെ എംഎസ്എഫ് പ്രവർത്തകനായ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടത്. പി ജയരാജന്റെയും അന്നത്തെ എംഎൽഎയായ ടി വി രാജേഷിന്റെയും വാഹനവ്യൂഹം മുസ്ലിം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിന് പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
സംഭവത്തിന് പിന്നാലെ ഷുക്കൂറിനെയും മറ്റ് മുസ്ലിം ലീഗ് പ്രവർത്തകരെയും സിപിഎം പ്രവർത്തകർ പിടിച്ചുനിർത്തി ചോദ്യം ചെയ്തതായും ചിത്രം മൊബൈൽ ഫോണിലൂടെ അയച്ച് തിരിച്ചറിഞ്ഞ ശേഷം ഷുക്കൂറിനെ ആക്രമിച്ചതായുമാണ് കേസ്. ആക്രമണത്തിൽ ഷുക്കൂർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കേസിൽ പി ജയരാജൻ 32-ാം പ്രതിയും ടി വി രാജേഷ് 33-ാം പ്രതിയുമാണ്. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ജയരാജൻ ചികിത്സയിലിരിക്കെ ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
എന്നാൽ, ഗൂഢാലോചന തെളിയിക്കാൻ നിർണായകമെന്ന് കരുതിയ രണ്ട് സാക്ഷികൾ വിചാരണയ്ക്കിടെ കോടതിയിൽ ഹാജരായി മൊഴി നൽകിയില്ല. ജയരാജനും രാജേഷും ആശുപത്രിയിലുണ്ടായിരുന്ന സമയത്ത് ഒരു സിപിഎം പ്രവർത്തകൻ മുറിയിൽനിന്ന് പുറത്തുവന്ന് കൊലപ്പെടുത്താനുള്ള നിർദേശം ആംഗ്യത്തിലൂടെ നൽകിയെന്നായിരുന്നു ഇവരുടെ മൊഴി.
ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക സുപ്രീംകോടതി വരെ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 17 മാസം നീണ്ട വിചാരണയിൽ 41 സാക്ഷികളെ വിസ്തരിച്ചു. കേസിൽ ആകെ 33 പ്രതികളുണ്ടെങ്കിലും 31 പ്രതികളുടെ ശിക്ഷാവിധിയാണ് നവംബർ 12ന് പ്രഖ്യാപിക്കുന്നത്.



