ഹൈദരാബാദ്: പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതിമാരെയും രണ്ടുവയസ്സുള്ള മകളെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗോപിനാഥ് (31), ഭാര്യ സാമന്ത (26), മകൾ സ്നിഗ്ധ എന്നിവരാണ് മരിച്ചത്. ഹൈദരാബാദിലെ കുകട്പള്ളി ഹൗസിങ് ബോർഡ് കോളനിയിലെ വീട്ടിൽ ചൊവ്വാഴ്ചയാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതയാണ് മരണങ്ങൾക്ക് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഹൈദരാബാദിലെ ഒരു ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഗോപിനാഥ്. ഇതിനുപുറമേ പിസ ഡെലിവറി ജോലിയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ ദമ്പതിമാരുടെ വീട്ടിലെ വാതിലിനടിയിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
വെള്ളം ഒഴുകുന്നത് കണ്ട് വീട്ടിലെത്തിയ അയൽവാസികൾ ദമ്പതിമാരെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് ദമ്പതിമാരെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ ചുമരിൽ ഇംഗ്ലീഷിൽ എഴുതിയ കുറിപ്പും കടലാസിൽ ബംഗാളി ഭാഷയിലെഴുതിയ മറ്റൊരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നും മരണത്തിന് ആരും ഉത്തരവാദികളല്ലെന്നുമാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)



