തിരുവനന്തപുരം: വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ സർക്കാർ നടപടിയിൽ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. പൊതുതാൽപ്പര്യ ഹർജിയിൽ സർക്കാരിന് നോട്ടീസ് അയച്ച കോടതി മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചു. ടി സെക്ഷന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട ഫയലുകളും രഹസ്യാന്വേഷണ വിവരങ്ങളും കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളാണ് വിജിലൻസിലെ ടി1, ടി2 സെക്ഷനുകൾ. രാഷ്ട്രീയ നേതാക്കൾക്കെതിരായ അന്വേഷണങ്ങളും ഈ വിഭാഗങ്ങളിലേക്ക് മാറ്റാൻ കഴിയുമെന്നതിനാൽ, അത്തരം കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാകാതിരിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നിരുന്നു.
രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ ഉൾപ്പെടെ വിവരങ്ങൾ മറച്ചുവയ്ക്കാനുള്ള നീക്കമാണ് സർക്കാർ നടപടിയെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു. എന്നാൽ, ടി സെക്ഷനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയതിന്റെ നിയമപരമായ സാധുതയടക്കമുള്ള കാര്യങ്ങൾ ഇനി കോടതിയുടെ പരിഗണനയിലാകും.
വിജിലൻസിലെ രഹസ്യ വിഭാഗമായ ടി സെക്ഷനെ ആദ്യഘട്ടത്തിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ 2022ൽ ഈ വിഭാഗത്തെ വീണ്ടും വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തി. ഇപ്പോൾ വീണ്ടും ഒഴിവാക്കിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതാണ് വിവാദമായത്.
പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനുകളെ നേരത്തേ തന്നെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
സർക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിച്ചിരിക്കുകയാണ്. അടിയന്തര സ്റ്റേ അനുവദിച്ചിട്ടില്ലാത്തതിനാൽ, സർക്കാർ വിജ്ഞാപനത്തിന്റെ തുടർനടപടികളിൽ കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.




