ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ. ഇന്ത്യക്ക് നാണക്കേടാണ് മോദിയെന്നും ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും അഭിജീത് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു. കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണിത്.
അതേസമയം, കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പുതിയ വീഡിയോയുമായി യൂട്യൂബറും സാമൂഹിക മാധ്യമ പ്രവർത്തകനുമായ ധ്രുവ് റാഠിയും രംഗത്തെത്തി. തനിക്കെതിരെ നടന്നത് തട്ടിക്കൊണ്ടുപോകലാണെന്ന് അദ്ദേഹം ആരോപിച്ചു.
താൻ ഇന്ത്യൻ പൗരനല്ലെന്ന ആരോപണത്തിനും ധ്രുവ് റാഠി മറുപടി നൽകി. ഇന്ത്യൻ പാസ്‌പോർട്ട് ഉയർത്തിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. കസ്റ്റഡിയിലെടുത്ത സമയത്ത് തന്റെ ഫോൺ പിടിച്ചുവെച്ചെന്നും മറ്റാരുമായും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കിടപ്പുമുറിയിൽ നിന്നാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും ധ്രുവ് റാഠി ആരോപിച്ചു.കസ്റ്റഡി നടപടികളെക്കുറിച്ചും പ്രധാനമന്ത്രിക്കെതിരായ വിമർശനങ്ങളെക്കുറിച്ചും ഇരുവരുടെയും പ്രതികരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.




