ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് സി ജെ പി നേതൃത്വം.
വാങ്ചുക്കിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജീവൻ പ്രധാനമാണെന്നും, രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും സി ജെ പി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു. ധർമ്മേന്ദ്ര പ്രധാന്റെ രാജി കേന്ദ്ര സർക്കാർ ആവശ്യപ്പെടണമെന്നും, അതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സി ജെ പി-കേന്ദ്ര സർക്കാർ ചർച്ചയ്ക്കുള്ള സാധ്യതകൾ മങ്ങുന്നതായാണ് സൂചന. ആരുടെയും ഓഫീസിലോ വസതിയിലോ ചർച്ചയ്ക്ക് പോകില്ലെന്ന് സി ജെ പി നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞ തവണ ചർച്ചയ്ക്കിടെ സമരക്കാർക്ക് നേരെ പൊലീസ് നടപടിയുണ്ടായെന്നും അത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും നേതാവ് സൗരവ് ദാസ് പറഞ്ഞു.
നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂ എന്നും കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് പോലുള്ള വേദി നിർദേശിച്ചിട്ടുണ്ടെന്നും സി ജെ പി നേതൃത്വം അറിയിച്ചു. എന്നാൽ കേന്ദ്ര സർക്കാർ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
അതേസമയം, നീറ്റ് ക്രമക്കേടിൽ പാർലമെന്റിൽ ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കി. പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്.
എന്നാൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ നിലപാട്. മന്ത്രി സ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.











