എറണാകുളം: മൂവാറ്റുപുഴ–പുനലൂർ സംസ്ഥാനപാതയിൽ വേങ്ങച്ചുവട്ടിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തൊടുപുഴ ഉടുമ്പന്നൂർ അമയപ്ര നടുവിലെ മഠത്തിൽ പുരുഷോത്തമ കൈമളിന്റെ മകൻ ഗോകുൽ കൃഷ്ണൻ (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെ വേങ്ങച്ചുവട്ടിലെ സ്കൂളിന് സമീപമായിരുന്നു അപകടം.
വാഴക്കുളത്തെ ന്യൂ കെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഗോകുൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ ഭാഗത്തുനിന്നെത്തിയ കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ഗോകുലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കുളം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നത് 18 വയസ്സുള്ളയാളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, ഇയാളുടെ പ്രായം സംബന്ധിച്ചും ഡ്രൈവിങ് ലൈസൻസ് ഉണ്ടോയെന്ന കാര്യത്തിലും സ്ഥിരീകരിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
അവിവാഹിതനായ ഗോകുലിന്റെ മാതാവ് ഷീലയാണ്. സഹോദരൻ വിഷ്ണു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നടത്തും.




