തൃശ്ശൂർ :ചാവക്കാട്–വടക്കാഞ്ചേരി റോഡിലെ പന്നിത്തടം സെന്ററിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ പരിഹരിക്കുന്നതിനായി എ സി മൊയ്തീൻ എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് പൊലീസ്, സാങ്കേതിക വിദഗ്ധർ എന്നിവർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിലവിലുള്ള സിഗ്നൽ സംവിധാനത്തിന്റെ പ്രവർത്തന സമയം വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക സാധ്യതകൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ കെൽട്രോണിനോട് എംഎൽഎ ആവശ്യപ്പെട്ടു. വടക്കാഞ്ചേരി–ചാവക്കാട്, കേച്ചേരി–അക്കിക്കാവ് റോഡുകളിലായി സെന്ററിന്റെ നാല് വശങ്ങളിലും അടിയന്തിരമായി റബ്ബറൈസ്ഡ് ഹമ്പുകൾ സ്ഥാപിക്കാൻ കെആർഎഫ്ബി ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അമിത വേഗത മൂലമുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി ശക്തമായ നിരീക്ഷണ ക്യാമറ സംവിധാനം ഒരുക്കുന്നതിനും, അപകട ലഘൂകരണ നടപടികൾ ആസൂത്രണം ചെയ്യുന്നതിനുമായി പൊലീസ്, സാങ്കേതിക വിദഗ്ധർ, കെആർഎഫ്ബി എന്നിവരുടെ സംയുക്ത യോഗം അടിയന്തിരമായി വിളിച്ചുചേരാനും എംഎൽഎ നിർദ്ദേശിച്ചു






