തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദുവിനെ മാനസിക- ശാരീരിക പീഡനത്തിന് ഇരയാക്കിയതിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പൊലീസ് അതിക്രമത്തിൽ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം. സസ്പെൻഷൻ ഉത്തരവ് നാളെ പുറത്തിറക്കും. കഴിഞ്ഞ ദിവസം പേരൂർക്കട എസ്ഐ പ്രസാദിനെ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.ഏപ്രിൽ 23നാണ് മോഷണക്കുറ്റം ചുമത്തി ബിന്ദുവിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. മോഷ്ടിച്ചില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞെങ്കിലും, ചീത്തവിളികളാണ് മറുപടിയായി കിട്ടിയതെന്നും ബിന്ദു പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സ്റ്റേഷനിൽ മാനസിക-ശാരീരിക പീഡനമാണ് അനുഭവിക്കേണ്ടി വന്നത്. ഭക്ഷണമോ വെള്ളമോ നൽകാതെ ഒരു രാത്രി മുഴുവൻ പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചു. വെള്ളം ചോദിച്ചപ്പോൾ ബാത്ത‌്‌റൂമിൽ പോയി കുടിക്കാൻ പറഞ്ഞുവെന്നും തുടങ്ങിയ വിവരങ്ങൾ ബിന്ദു വിവരിച്ചിരുന്നു.






