തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്‌സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സർക്കാർ പുതിയ നടപടികളുമായി മുന്നോട്ട്. സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (KITE) വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിൽ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ മുഖേന വിന്യസിക്കുക. ഇതിന് മുൻപ് സംസ്ഥാനത്തെ സ്കൂളുകളിൽ 29,000 റോബോട്ടിക് കിറ്റുകൾ കൈറ്റ് ലഭ്യമാക്കിയിരുന്നു.
ഈ അധ്യയനവർഷം മുതൽ പത്താം ക്ലാസിലെ ഐസിടി പാഠ്യപദ്ധതിയുടെ ഭാഗമായി റോബോട്ടിക്‌സ് പഠനം ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇന്റർനെറ്റ് ഓഫ് തിങ്ക്സ് (ഐ.ഒ.ടി) അധിഷ്ഠിത ഉപകരണങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന കൂടുതൽ നൂതനമായ കിറ്റുകൾ അവതരിപ്പിക്കുന്നത്.
നിലവിലുള്ള കിറ്റുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സാങ്കേതിക സാധ്യതകളോടെയാണ് അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഐഒടി സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി–32 ഡെവലപ്‌മെന്റ് ബോർഡാണ് കിറ്റുകളുടെ പ്രധാന ഘടകം.അൾട്രാസോണിക് ഡിസ്റ്റൻസ് സെൻസർ, സോയിൽ മോയിസ്ചർ സെൻസർ, പി.ഐ.ആർ മോഷൻ സെൻസർ, ലൈൻ ട്രാക്കിംഗ് സെൻസർ എന്നിവ ഉൾപ്പെടെയുള്ള വിവിധ സെൻസറുകൾ കിറ്റിലുണ്ടാകും. റോബോട്ടിക് വാഹനങ്ങൾ നിർമ്മിക്കാൻ അനുയോജ്യമായ ഫോർ ഡബ്ല്യുഡി സ്മാർട്ട് കാർ ഷാസി കിറ്റ്, സബ്‌മെഴ്‌സിബിൾ മിനി വാട്ടർ പമ്പ്, റീചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി പാക്ക് എന്നിവയും അഡ്വാൻസ്ഡ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളിൽ സാങ്കേതിക നൈപുണ്യവും നവോത്ഥാന ചിന്തയും വളർത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.






