ഫ്‌ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്‌സിയം സ്‌പേസിന്റെ വിക്ഷേപണം നാളെ .ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള പേടകത്തിന്റെ വിക്ഷേപണം ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് ഒന്നിന് നടക്കുമെന്ന് നാസ അറിയിച്ചു. സാങ്കേതിക പ്രശ്‌നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് നടക്കാന്‍ പോകുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റീനില്‍ തുടരുകയാണ്.
രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ഒരാള്‍ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. നാസയുടെ മുതിര്‍ന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങള്‍. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്‌പേസ് എക്‌സിന്റെ തന്നെ ഡ്രാഗണ്‍ പേടകമാണ് യാത്രാ വാഹനം.
സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി വന്ന അതേ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാന്‍ഷു ശുക്ലയും സംഘവും പോകുന്നത്. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാന്‍ പദ്ധതി ഐഎസ്ആര്‍ഒയുടെയും ഇന്ത്യയുടെയും സ്വപ്നമാണ്. ആ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നാല് പേരില്‍ ഒരാളാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍ എന്നിവരാണ് മറ്റുള്ളവര്‍. ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായാണ് ശുഭാന്‍ഷു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.






