ന്യൂഡല്‍ഹി: ക്യാബിനില്‍ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി . മുംബൈയില്‍നിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട വിമാനമാണ് മുംബൈയില്‍ സുരക്ഷിതമായി തിരിച്ചിറക്കിയത്.
തുടര്‍ന്ന് യാത്രക്കാര്‍ക്കു മറ്റൊരു വിമാനം ഏര്‍പ്പെടുത്തുകയും ചെയ്തു.എയര്‍ ഇന്ത്യ വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി.
എഐ 639 വിമാനമാണ് രാത്രി 11:50ന് പറന്നുയര്‍ന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാര്‍ കാരണം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. രാത്രി 12:47ന് വിമാനം നിലത്തിറക്കി.






