ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ശരാശരി വായു ഗുണനിലവാര സൂചിക 300ന് മുകളില്‍ രേഖപ്പെടുത്തി.
323 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഒന്നില്‍ കൂടുതല്‍ ഇടങ്ങളില്‍ ഇന്ന് എക്യുഐ 400ന് മുകളില്‍ രേഖപ്പെടുത്തി. നോയിഡയിലും ഗാസിയാബാദിലും വായു ഗുണനിലവാരം മോശം വിഭാഗത്തില്‍ എത്തി.
വരും ദിവസങ്ങളിലും ഡല്‍ഹിയിലെ വായു ഗുണനിലവാരം മോശം വിഭാഗത്തില്‍ തന്നെ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഇത് കണക്കിലെടുത്ത് ആന്റി സ്‌മോഗ് ഗണ്ണുകളും വാട്ടര്‍ സ്പ്രിംഗ്ലറുകളും ഡല്‍ഹിയിലെ പൊതുയിടങ്ങളിലും കെട്ടിടങ്ങളിലും സര്‍ക്കാര്‍ സ്ഥാപിച്ചു.
വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ മാസം 29ന് ഡല്‍ഹില്‍ ക്ലൗഡ് സീഡിങ് നടത്തുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദര്‍ സിംഗ് സിര്‍സ അറിയിച്ചിരുന്നു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച് ഡല്‍ഹിയില്‍ ക്ലൗഡ് സീഡിങ് നടത്താന്‍ ഒക്ടോബര്‍ 28നും 30നും ഇടയില്‍ അനുകൂല സാഹചര്യമാണ്.
ഇത് പ്രകാരമുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. ക്ലൗഡ് സീഡിങ്ങിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കല്‍ കഴിഞ്ഞദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.










