ആലപ്പുഴ: നിയന്ത്രണം നഷ്ടപെട്ട കാർ ബസിനടിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. കാർ യാത്രക്കാരിയായ പൂന്തോപ്പ് സ്വദേശിനി സരസ്വതിയമ്മ (72 ) ആണ് മരിച്ചത്. ആലപ്പുഴ കരുവാറ്റ ദേശീയപാതയ്‌ക്ക് സമീപത്താണ് അപകടമുണ്ടായത്. ദേശീയ പാതയിൽ നിർമാണ ജോലികൾ നടക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. ഇന്ന് രാവിയിലെയായിരുന്നു അപകടം.
കായംകുളത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാർ ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തിറക്കിയത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിപ്പാട് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിലുണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് മറ്റൊരു വാനിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.






