ന്യൂഡൽഹി: മുഖ്യമന്ത്രിയെ കാണാൻ അനുമതിയില്ലാതെ മുറിക്ക് മുന്നിലെത്തിയ കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി. ഡൽഹിയിലെ കേരള ഹൗസിൽ ബുധനാഴ്ച മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിലെത്തിയ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
സിബി ജോസ്, പി.സി. സുരേഷ് കുമാർ എന്നിവർക്കാണ് റസിഡന്റ് കമ്മീഷണറുടെ നിർദേശപ്രകാരം കൺട്രോളർ നോട്ടീസ് നൽകിയത്. ഔദ്യോഗിക ചുമതലയില്ലാത്ത ജീവനക്കാർ മുഖ്യമന്ത്രിയുടെ മുറിക്ക് സമീപം പോകരുതെന്നാണ് നിർദേശം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണമെന്നാണ് കേരള ഹൗസ് അധികൃതരുടെ വിശദീകരണം.
അതേസമയം, മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയന്റെയും ഉമ്മൻചാണ്ടിയുടെയും കാലത്ത് ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.


