ആലപ്പുഴ: കൈനകരിയിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൈനകരി പഞ്ചായത്ത് ഒൻപതാം വാർഡ് തൊട്ടുവാത്തല ചാണാംപള്ളിയിൽ ഷിന്റു (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പൗവ്വത്ത് തോട്ടിലായിരുന്നു അപകടം.
ബന്ധുവിനെ വീട്ടിൽ കൊണ്ടുവിട്ട ശേഷം മടങ്ങുന്നതിനിടെ പഞ്ചായത്ത് റോഡിൽനിന്ന് കാർ തോട്ടിലേക്ക് മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് കാർ തോട്ടിൽനിന്ന് പുറത്തെടുത്തത്. തോട്ടിൽ ആഴം കൂടുതലായിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
മരിച്ച ഷിന്റുവിന്റെ മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമുടി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ ജോഷിയാണ് ഷിന്റുവിന്റെ പിതാവ്. മാതാവ് ഷിബി. ഭാര്യ അഞ്ചിത. ഏഴുമാസം പ്രായമുള്ള മകൾ മിൻഹ. സഹോദരൻ ഷിദിൻ.



