കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികളുടെ നിർണായക ശബ്ദരേഖ കോടതിയിൽ ഹാജരാക്കി പൊലീസ്. അപകടത്തെക്കുറിച്ച് പ്രതികൾ സുഹൃത്തുക്കളോട് വിവരിക്കുന്ന ശബ്ദരേഖ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. അപകടത്തിൽ മൂന്ന് പേർ മരിച്ച വിവരം പ്രതികൾ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. അപകടത്തിന് പിന്നാലെ വാട്സ്ആപ്പിലൂടെ സന്ദേശങ്ങളും അയച്ചിരുന്നു.
പ്രതികളായ അമീനും ജോയലും സ്ഥലത്തുനിന്ന് രക്ഷപ്പെടണമെന്ന് സുഹൃത്ത് മറുപടി നൽകിയതായും പൊലീസ് കോടതിയിൽ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണെന്നും പൊലീസ് അറിയിച്ചു. വാഹനം സ്ഥിരമായി അമിതവേഗത്തിൽ ഓടിച്ചിരുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് വാദിച്ചു.
എന്നാൽ പ്രതികളുടെ പേരുകൾ എഫ്.ഐ.ആറിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സുഹൈലിന്റെ പേര് പരാമർശിക്കാതെയാണ് കുറ്റകരമായ നരഹത്യ ചുമത്തിയതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. സംഭവത്തിന്റെ അന്തിമഘട്ടം നേരത്തേ തീരുമാനിച്ചിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.
അപകടത്തിന് മുമ്പ് മിനി കൂപ്പർ കാർ മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചിരുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ജോയലിന്റെ ഫോണിലാണ് നിർണായക ദൃശ്യങ്ങൾ കണ്ടെത്തിയത്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് പകർത്തിയ ദൃശ്യത്തിൽ കാറിന്റെ സ്പീഡോമീറ്റർ വ്യക്തമായി കാണാമെന്നും പൊലീസ് അറിയിച്ചിരുന്നു.
കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ നേരത്തേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. സുഹൈൽ, സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് കോടതി ഉത്തരവുണ്ടായത്. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. സുഹൈലിനെതിരെ ചുമത്തിയ കുറ്റകരമായ നരഹത്യ നിലനിൽക്കില്ലെന്നും പ്രതികൾക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പ്രതികൾക്ക് പ്രായം കുറവാണെന്നതും ജാമ്യത്തിനായി ചൂണ്ടിക്കാട്ടി. എന്നാൽ 19 വയസ്സുണ്ടെങ്കിലും കുറ്റത്തിന്റെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും ഗൗരവം തിരിച്ചറിയാൻ പ്രതികൾക്ക് കഴിയുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്ന ശാസ്ത്രീയ പരിശോധനാഫലവും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
ഒക്ടോബർ 10ന് പുലർച്ചെ 12.30ഓടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവർ അപകടത്തിൽ തൽക്ഷണം മരിച്ചു. തൃക്കാക്കരയിലെ കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർഥികളായിരുന്നു മൂവരും. സ്ഥാപനത്തിലെ സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.


