ആലപ്പുഴ: മംഗലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലം സ്വദേശി മനീഷ് (29) കൊല്ലപ്പെട്ട കേസിലാണ് ബന്ധുവായ റോബിൻ (26) പിടിയിലായത്. ആലപ്പുഴ നോർത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. റോബിനും ഭാര്യയും ഏറെ നാളായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. റോബിനൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ കാണാൻ ഭാര്യ റോബിൻ താമസിച്ചിരുന്ന വാടകവീട്ടിലെത്തി. മനീഷിനൊപ്പമാണ് അവർ അവിടെ എത്തിയത്. ഇത് കണ്ട റോബിൻ പ്രകോപിതനായി. ഭാര്യയും മനീഷും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരുമായി വാക്കുതർക്കം ഉണ്ടായി. തുടർന്ന് അടുക്കളയിൽ നിന്ന് കത്തി എടുത്ത് മനീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.
പരിക്കേറ്റ മനീഷിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. വിവരം അറിഞ്ഞ് ആലപ്പുഴ നോർത്ത് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.




