ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടത്തിൽ മുത്തമിട്ട് ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്. ആവേശകരമായ ഫൈനലില്‍ അമേരിക്കന്‍ താരം ബെന്‍ ഷെല്‍ട്ടനെ നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണ് സ്വരേവ് പരാജയപ്പെടുത്തിയത് (സ്‌കോര്‍: 6-3, 7-6(2), 5-7, 6-4). സ്വരേവിന്റെ കരിയറിലെ രണ്ടാമത്തെ ഗ്രാന്‍സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു.
നാല് മണിക്കൂറോളം നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് 29കാരനായ സ്വരേവ് അമേരിക്കൻ താരത്തെ കീഴടക്കിയത്. ഓപ്പണ്‍ യുഗത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ ജര്‍മ്മന്‍ പുരുഷ താരമായി സ്വരേവ് മാറി. 1989ല്‍ ബോറിസ് ബെക്കറാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്.
2003ല്‍ ആന്‍ഡി റോഡിക് യുഎസ് ഓപ്പണ്‍ ജേതാവായതിനുശേഷം ഒരു അമേരിക്കന്‍ പുരുഷ താരം കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഷെല്‍ട്ടന്‍ കോര്‍ട്ടിലിറങ്ങിയതെങ്കിലും ആ കാത്തിരിപ്പ് ഇനിയും നീളുകയാണ്.












