തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റേഷൻ അരി കരിഞ്ചന്ത മാഫിയക്കെതിരെ സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധന ശക്തമാക്കിയിട്ടും അനധികൃത ഇടപാടുകൾ തുടരുന്നതായി റിപ്പോർട്ട്. റേഷൻ അരിക്ക് പുറമെ പച്ചരി, ഗോതമ്പ്, കുത്തരി തുടങ്ങിയ ഭക്ഷ്യധാന്യങ്ങളും അനധികൃതമായി ശേഖരിച്ച് മില്ലുകളിലെത്തിച്ച് പൊടിയാക്കി സ്വന്തം ബ്രാൻഡിൽ വിപണനം ചെയ്യുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
റേഷൻ അരി അനധികൃതമായി സംഭരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയാക്കി വിൽപ്പന നടത്തുന്നുവെന്ന് ആരോപണമുയർന്ന കാർത്തികേയന്റെ ഇടപാടുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൂവാറിലെ ഒരു മില്ലിൽ അരി പൊടിക്കുന്ന ജോലികൾ നടക്കുന്നതായും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇവിടെ ജോലി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ‘ഈറ്റ് എൻ ജോയ്’ എന്ന ബ്രാൻഡിൽ അരിപ്പൊടി വിപണനം ചെയ്യുന്നതായും റിപ്പോർട്ടുണ്ട്.
ഊരമ്പിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ റേഷൻ അരിയുടെ അനധികൃത ഇടപാടുകൾ ഇപ്പോഴും സജീവമാണെന്നാണ് വിവരം. തമിഴ്നാട്ടിലെ കൊല്ലങ്കോട് ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ നിന്ന് സ്ത്രീകൾ റേഷൻ അരി വിൽപ്പനയ്ക്കായി എത്തുന്നതായും റിപ്പോർട്ടുണ്ട്. കിലോയ്ക്ക് 25 രൂപ നിരക്കിൽ അരി വാങ്ങുന്ന ബാബു ട്രേഡേഴ്‌സ് വഴിയാണ് അരി കരിഞ്ചന്തക്കാരുടെ ഗോഡൗണുകളിലേക്ക് എത്തുന്നതെന്നാണ് കണ്ടെത്തൽ.
പരിശോധന ശക്തമാകുമ്പോൾ കരിഞ്ചന്തക്കാർ പുതിയ കേന്ദ്രങ്ങളിലേക്ക് പ്രവർത്തനം മാറ്റുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. കളിയിക്കാവിള, പാറശ്ശാല മേഖലകളിലെ ചില ഗോഡൗണുകൾ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ട്. കാരാളിയിലെ ഒരു വീട്ടിൽ ബാത്ത്റൂമിലും അടുക്കളയിലുമടക്കം റേഷൻ അരി സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒമ്പത് ഗോഡൗണുകളിലാണ് സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയിൽ 76 ടൺ ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തതായി നെയ്യാറ്റിൻകര സിവിൽ സപ്ലൈസ് ഓഫീസർ പ്രവീൺകുമാർ പറഞ്ഞു.
കരിഞ്ചന്ത മാഫിയയുടെ ഭാഗത്തുനിന്ന് നിരന്തരം ഭീഷണികൾ ഉണ്ടാകുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ അത് വകവയ്ക്കുന്നില്ലെന്നും പ്രവീൺകുമാർ വ്യക്തമാക്കി. ഗോഡൗണുകൾ സീൽ ചെയ്ത് പൂട്ടാനുള്ള അധികാരം സിവിൽ സപ്ലൈസ് വകുപ്പിനില്ലെന്നും കേസെടുത്ത് അന്വേഷണം നടത്തേണ്ടത് പൊലീസാണെന്നും അദ്ദേഹം പറഞ്ഞു. പരിശോധനാ റിപ്പോർട്ടുകൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 2,500 ടൺ റേഷൻ അരി കരിഞ്ചന്തക്കാർ കടത്തിയതായും പ്രവീൺകുമാർ ആരോപിച്ചു. റേഷൻ കടകളിലെത്തുന്ന ഗോതമ്പ് ചാക്കുകളിൽ പാറക്കല്ലുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതായും പച്ചരി ചാക്കുകളിൽ 46 കിലോ പോലും അരി ലഭിക്കാത്ത സാഹചര്യമുണ്ടെന്നും റേഷൻ വ്യാപാരികളും നേരത്തെ വെളിപ്പെടുത്തിയിരുന്നു.


