മുംബൈ: പ്രമുഖ ഫുഡ് ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ സൊമാറ്റോയില്‍ ക്യാഷ് ഓണ്‍ ഡെലിവറി പേയ്‌മെന്റിനൊപ്പം അധികനിരക്ക് ഏര്‍പ്പെടുത്തി കമ്പനി. ഓര്‍ഡര്‍ ബില്ലിന് പുറമെ ‘പേ ഓണ്‍ ഡെലിവറി ഫീ’ എന്ന പേരിലാണ് പുതിയ ചാര്‍ജ് ഈടാക്കിയിരിക്കുന്നത്. ക്യാഷ് ഓണ്‍ ഡെലിവറി പേയ്‌മെന്റ് തെരഞ്ഞെടുക്കുന്നവരിൽ നിന്ന് മാത്രമായിരിക്കും ഈ അധികനിരക്ക് ഈടാക്കുക.
ഏകദേശം അഞ്ച് രൂപയാണ് ഈയിനത്തില്‍ ഈടാക്കുകയെന്നാണ് വിവരം. അതേസമയം, ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വലിപ്പമനുസിച്ച് ഈ ചാര്‍ജില്‍ മാറ്റമുണ്ടായേക്കും. ഭക്ഷണസാധനങ്ങളുടെ വില, എത്തിക്കേണ്ട സ്ഥലം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും വില നിശ്ചയിക്കുക. സൊമാറ്റോയുടെ പ്രധാന എതിരാളികളായ സ്വിഗ്ഗി നിലവിൽ ഇതുവരെ സമാനമായ ഫീ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.


