പത്തനംതിട്ട: അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. റാന്നി ചെത്തോങ്കരയിൽ പ്രവർത്തിക്കുന്ന ‘കിങ്സ് ബിരിയാണി കുഫേ’ എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. റാന്നി വെച്ചൂച്ചിറ സ്വദേശിനി റീന തോമസ് നൽകിയ പരാതിയിലാണ് കമ്മിഷന്റെ നടപടി. ആശുപത്രി ചികിത്സയ്ക്കായി ചെലവായ തുക ഉൾപ്പെടെയാണ് 96,500 രൂപ നഷ്ടപരിഹാരമായി നൽകാൻ വിധിച്ചത്.
2025 ഒക്ടോബർ 21നാണ് റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അൽഫാം കഴിച്ചത്. ഭക്ഷണത്തിന് രുചിവ്യത്യാസം തോന്നിയതിനെ തുടർന്ന് ഹോട്ടൽ അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി. 740 രൂപയുടെ ബിൽ ഈടാക്കിയ ശേഷം ബാക്കി ഭക്ഷണം പാഴ്സലായി വാങ്ങി ഇരുവരും മടങ്ങി.
തുടർന്ന് റീനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആദ്യം വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലും ചികിത്സ തേടി. പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽ നിന്നുള്ള സാൽമണെല്ല അണുബാധയാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചു. കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.


