തൃശൂർ: ചാലക്കുടി നഗരസഭയുടെ പുതിയ ചെയർപേഴ്സണായി ആലീസ് ഷിബുവിനെ തെരഞ്ഞെടുത്തു. നീണ്ടുനിന്ന ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും ഒടുവിലാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിലൂടെ ധാരണയായത്. ആദ്യ രണ്ട് വർഷം ആലീസ് ഷിബു ചെയർപേഴ്സണായി പ്രവർത്തിക്കാനും, തുടർന്ന് രണ്ട് വർഷം റീന ഡേവീസിനും അവസാന ഒരു വർഷം സൂസി സുനിലിനും ചെയർപേഴ്സൺ സ്ഥാനം നൽകാനും തീരുമാനിച്ചു.
ആദ്യ ഘട്ടത്തിൽ കെ.വി. പോൾ വൈസ് ചെയർമാനായിരിക്കും. തുടർന്ന് ഒന്നര വർഷം വീതം വത്സൻ ചമ്പക്കരയും അഡ്വ. ബിജു എസ്. ചിറയത്തും വൈസ് ചെയർമാൻമാരായി ചുമതലയേൽക്കും. കഴിഞ്ഞ തവണത്തെപ്പോലെ ഈ തവണയും ചാലക്കുടി നഗരസഭയിൽ മൂന്ന് ചെയർപേഴ്സൺമാരും മൂന്ന് വൈസ് ചെയർമാൻമാരും ഉണ്ടാകുന്നതാണ് ധാരണ.
തുടർച്ചയായി അഞ്ച് വർഷം ആലീസ് ഷിബുവിനെ തന്നെ ചെയർപേഴ്സണാക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് തർക്കങ്ങൾ രൂക്ഷമായത്. മുൻ ചെയർപേഴ്സൺ കൂടിയായ ആലീസ് ഷിബുവിന് മുഴുവൻ കാലാവധിയും നൽകണമെന്ന് ഷിബു പാലപ്പനടക്കം ആവശ്യപ്പെട്ടെങ്കിലും ചർച്ചകൾ വഴിത്തിരിവിലെത്തിയതോടെ തീരുമാനം ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വിട്ടു.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. തെരഞ്ഞെടുപ്പ് വിപ്പ് നൽകിയതോടെയാണ് ധാരണയ്ക്ക് രൂപം വന്നത്. ചെയർപേഴ്സൺ സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ ക്രിസ്തുമസ് ആഘോഷങ്ങൾ പോലും മാറ്റിവെച്ച് കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് രാവിലെയും തുടർന്നുവെന്ന് നേതൃത്വം അറിയിച്ചു. ഒടുവിൽ ഡി.സി.സി.യുടെ തീരുമാനത്തിന് ആലീസ് ഷിബു വഴങ്ങുകയായിരുന്നു.






