കണ്ണൂർ: ധർമ്മടത്ത് മണ്ഡല പര്യടനത്തിനിടെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. ഭവനരഹിതർക്കായി ‘ലൈഫ് മിഷൻ 2’ ഉടൻ നടപ്പാക്കുമെന്നും ഉറപ്പുനൽകി.
സാമൂഹ്യ ക്ഷേമ പെൻഷൻ നിലവിലെ 1600 രൂപയിൽ നിന്ന് ഘട്ടംഘട്ടമായി 3000 രൂപയാക്കി ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുൻ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന 18 മാസത്തെ പെൻഷൻ കുടിശ്ശിക പൂർണ്ണമായും തീർത്തെന്നും, ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്തതിലൂടെ സർക്കാർ ജനവിശ്വാസം നേടിയതായും പിണറായി വ്യക്തമാക്കി. കേരളത്തിൽ നിലവിൽ 62 ലക്ഷം പേർക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടെന്നും, അത് ക്രമാതീതമായി വർധിപ്പിച്ച് ഇപ്പോഴത്തെ നിലയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കുന്ന സർക്കാരാണെന്നും, വികസന പ്രവർത്തനങ്ങൾ തുടരണം എന്നാഗ്രഹിക്കുന്ന ജനങ്ങൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി ഇത്തരം പദ്ധതികൾ തുടരാൻ എൽഡിഎഫ് ഭരണമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




