ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം വിലകൊടുത്ത് വാങ്ങുന്ന നമ്മൾ നാട്ടുപഴങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെ പലപ്പോഴും അറിയാതെ പോകുന്നു. കേരളത്തിൽ സുലഭമായി ലഭിക്കുന്നതും ഔഷധഗുണങ്ങൾ ഏറെയുള്ളതുമായ മൾബറി പഴങ്ങൾക്ക് പലപ്പോഴും വലിയ ശ്രദ്ധ ലഭിക്കാറില്ല. പരമ്പരാഗതമായി പട്ടുനൂൽ ഉത്പാദിപ്പിക്കുന്നവരുടെ പ്രധാന ആശ്രയമാണ് മൾബറി കൃഷി. പട്ടുനൂൽ പുഴുവിന്റെ പ്രധാന ഭക്ഷണം മൾബറി ചെടിയുടെ ഇലകളായതിനാൽ ഇവ പട്ടുനൂൽ ചെടി എന്നും അറിയപ്പെടാറുണ്ട്. മൾബറിയുടെ ഇലക്കും പഴത്തിനും ഗുണങ്ങൾ ഉണ്ട്. സൗത്ത് ഏഷ്യ, ചൈന എന്നിവിടങ്ങളിലാണ് മൾബറി കൃഷിയുടെ ഉത്ഭവമെങ്കിലും വളരെവേഗം ഇത് ഇന്ത്യയിലെ ഒരു പ്രധാന കൃഷിയായി മാറുകയും ചെയ്തു.
‘മൊറേസി’ കുടുംബത്തിൽ പെടുന്ന ഒന്നാണ് ‘മൾബറി. നൂറിലധികം വർഗങ്ങൾ ഉണ്ടെങ്കിലും പ്രധാനമായും നിറത്തിന്റെ അടിസ്ഥാനത്തിൽ മൂന്നെണ്ണമായി തിരിച്ചിരിക്കുന്നു.
മോറസ് ആൽബ: വടക്കു കിഴക്കൻ മധ്യേഷ്യയിലാണ് ആൽബയുടെ ഉത്ഭവം. ബ്രസീലിയൻ, പകിസ്താനി മൾബറി എന്നും അറിയപ്പെടുന്നു. ആൽബ മൾബറിയുടെ ഇലകൾക്ക് വലുപ്പം കൂടുതലായതിനാൽ പട്ടുനൂൽ പുഴുവിന്റെ ഭക്ഷണമായാണ് ഉപയോഗിക്കാറുള്ളത്. മധുരമുള്ള പഴങ്ങളായതിനാൽ കേരളത്തിലും ഇവ കൃഷി ചെയ്യുന്നുണ്ട്.
മോറസ് റൂബ്ര: ചുവന്ന മൾബറി എന്നറിയപ്പെടുന്ന റൂബ്രയുടെ ഉത്ഭവം വടക്കേ അമേരിക്കയിലാണ്. വനപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയെ നാടൻ മൾബറിയായും വിശേഷിപ്പിക്കാറുണ്ട്. മറ്റുള്ള ഇനങ്ങളെക്കാൾ ഔഷധഗുണങ്ങൾ ഉള്ളതാണ് ചുവപ്പ് മൾബറി. ജാം, ജ്യൂസ്, വൈൻ നിർമാണത്തിനും റൂബ്ര ഉപയോഗിക്കുന്നു.
മോറസ് നിഗ്ര (കറുപ്പു മൾബറി): തെക്കുപടിഞ്ഞാറൻ ഏഷ്യയിലാണ് ഉത്ഭവം. മറ്റു ഇനങ്ങളെ അപേക്ഷിച്ച് നിഗ്ര മൾബറിക്കാണ്ആന്റിഓക്‌സിഡൻറ് അളവ് കൂടുതലുള്ളത്.
ഗുണങ്ങൾ
മൾബറി പഴങ്ങൾ രോഗപ്രതിരോധശേഷിക്ക് ഉമികച്ചതാണ്. കലോറിയുടെ അളവ് വളരെ കുറവായതിനാൽ ഡയറ്റിൽ മൾബറി പഴങ്ങൾ ഉൾപ്പെടുത്തുന്നത് കൊഴുപ്പ് കുറയ്ക്കാനും വെള്ളത്തിന്റെ അളവ് കൂടുതൽ ആയതിനാൽ ശരീരഭാരം കൂടാതെയിരിക്കാനും സഹായിക്കും. ചീത്ത കോളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാനും ദഹന പ്രകിയയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മൾബറി പഴങ്ങൾ മിതമായ അളവിൽ ദിവസവും കഴിക്കുന്നത് ഗുണകരമാണ്. മൾബറിയുടെ ഇലകളും പഴങ്ങളും കൂടാതെ ഇവയുടെ വേരുകളും ഔഷധഗുണങ്ങൾ നിറഞ്ഞതാണ്.
കൃഷിക്ക് അനുയോജ്യമായ മണ്ണ്
ഇന്ത്യയിലുടനീളം കൃഷി ചെയ്യുന്ന ഒന്നാണ് മൾബറി. ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഹരിയാണ, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കൃഷിചെയ്യുന്നത്. എല്ലാത്തരം മണ്ണിലും എളുപ്പത്തിൽ മൾബറി ചെടികൾ വളരുമെങ്കിലും ഈർപ്പം നിലനിർത്താൻ ശേഷിയുള്ള മണ്ണിലാണ് നന്നായി വളരുക.
കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ, വട്ടവട പ്രദേശങ്ങൾ പാലക്കാട്, വയനാട് ജില്ലകളിലും മൾബറി കൃഷി ചെയ്തുവരുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി മൾബറി ചെടി കൃഷി ആരംഭിച്ചത് പാലക്കാട് ജില്ലയിലാണ്. മാസങ്ങൾ നീണ്ടു നിൽക്കുന്ന പ്രക്രിയയാണ് പട്ടുനൂൽ കൃഷിക്ക് വേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ പട്ടുനൂൽ കൃഷി ചെയ്യാനാണ് കൂടുതലും മൾബറി ചെടികൾ വളർത്തുന്നത്. എന്നാൽ കേരളത്തിൽ മൾബറിയുടെ പഴങ്ങൾക്ക് വേണ്ടിയാണ് കൃഷി.






