ന്യൂഡൽഹി: രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി വരാനിരിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഠിനകാലമാണ് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വർധനയും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. വരാനിരിക്കുന്ന പ്രതിസന്ധി സാധാരണക്കാരെ കൂടുതൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നും അതാണ് രാജ്യത്തെ സാമ്പത്തിക അവസ്ഥയെ കൂടുതൽ മോശമാക്കുന്നതെന്നും രാഹുൽ ആരോപിച്ചു. വലിയ വ്യവസായികളായ അദാനിയെയും അംബാനിയെയും പോലും ഈ പ്രതിസന്ധി ബാധിക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
അതേസമയം, സാധാരണക്കാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം വിദേശ സന്ദർശനങ്ങളിൽ തിരക്കിലാണെന്നും രാഹുൽ പരിഹസിച്ചു. ഇന്ന് വീണ്ടും ഇന്ധനവില വർധിപ്പിച്ച പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് എണ്ണക്കമ്പനികൾ വില ഉയർത്തുന്നത്.






