വാഷിംഗ്‌ടൺ: അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്. മൂഡീസ് അനലറ്റിക്‌സിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ മാർ സാൻഡിയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ സാൻഡി പറഞ്ഞു, ട്രംപിന്റെ താരിഫ് (തീരുവ) നയങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളും ചേർന്ന് യുഎസ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന്. മാന്ദ്യത്തിൽ വീണാൽ അതിന്റെ ആഴം പ്രവചിക്കാനാകില്ലെന്നും, സാമ്പത്തിക നയങ്ങളിലെ പാളിച്ചയാണ് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപം, തൊഴിൽ, ഉപഭോഗം തുടങ്ങി വിവിധ മേഖലകളിൽ ദൈർഘ്യമേറിയ അനിശ്ചിതത്വം പരക്കെ കാണപ്പെടുന്നുണ്ടെന്നും, ഈ സാഹചര്യം ഉപഭോക്താക്കളെയും സംരംഭകരെയും പ്രതിസന്ധിയിലേക്ക് തള്ളിക്കളയുകയാണെന്നും സാൻഡി പറഞ്ഞു. നിർമാണ ഉത്പാദന മേഖലയിലാണ് നിലവിൽ മാന്ദ്യത്തിന്റെ ഏറ്റവും ശക്തമായ പ്രതിഫലനം.
ഇതിന്റെ പുറമെ, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള എച്ച്1ബി വിസ ഫീസ് വൻ തോതിൽ വർധിപ്പിക്കാൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നു. നിലവിൽ $1,700 മുതൽ $4,500 വരെയാണ് ഫീസ്. പുതിയ പരിഷ്കാരങ്ങൾ പ്രകാരം ഇത് $1,00,000 വരെ ഉയരും.
ടെക് കമ്പനികൾക്കും ഇന്ത്യൻ ഐടി പ്രൊഫഷനൽസിനും വലിയ സാമ്പത്തിക ഭാരമാകും ഈ മാറ്റം. ഇന്ത്യക്കാർക്കാണ് എച്ച്1ബി വിസ ലഭിക്കുന്നതിൽ ഏറ്റവുമധികം പങ്കാളിത്തം – 2020 മുതൽ 2023 വരെയുള്ള കാലയളവിൽ അനുവദിച്ച വിസകളിൽ 73% ഇന്ത്യക്കാർക്ക് ലഭിച്ചു.എച്ച്1ബി ഒരു നോൺ-ഇമിഗ്രന്റ് വിസ ആയതിനാൽ, തൊഴിലുടമരാണ് അപേക്ഷകർ; വിദേശ തൊഴിൽാർത്ഥികൾക്ക് നേരിട്ട് അപേക്ഷിക്കാനാവില്ല. ഈ വിസ പ്രധാനമായും ടെക്, വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ് തുടങ്ങിയ മേഖലകളിലാണ് ഉപയോഗിക്കുന്നത്.
ഇതേസമയം, ഫെൻ്റാനൈൽ എന്ന മാരക സിന്തറ്റിക് മയക്കുമരുന്നുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ചില ഇന്ത്യൻ വ്യവസായികളുടെയും കോർപ്പറേറ്റ് തലവൻമാരുടെയും കുടുംബാംഗങ്ങളുടെയും വിസ യു.എസ്. സർക്കാർ റദ്ദാക്കിയതായി റിപ്പോർട്ട്. അമേരിക്കക്കാരെ മയക്കുമരുന്നുകളുടെ അപകടത്തിൽ നിന്ന് സംരക്ഷിക്കാനാണ് ഈ നടപടി എടുക്കപ്പെട്ടതെന്ന് ദില്ലിയിലെ യു.എസ്. എംബസി വ്യക്തമാക്കി.






