Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മ്യൂച്വൽ ഫണ്ട് നിക്ഷേപം വർദ്ധിപ്പിക്കാൻ സാമ്പത്തിക സാക്ഷരതാ പദ്ധതികളുമായി ആംഫി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തെ മ്യൂച്വൽ ഫണ്ട് പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപകരിൽ വിശ്വാസ്യത വളർത്തുന്നതിനുമായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) വിപുലമായ ബോധവൽക്കരണ പദ്ധതികൾ പ്രഖ്യാപിച്ചു. ആംഫിയുടെ 31-ാമത് സ്ഥാപക ദിനാഘോഷ ചടങ്ങിൽ ഫ്ലാഗ്ഷിപ്പ് കാമ്പയിനായ ‘മ്യൂച്വൽ ഫണ്ട്സ് സഹി ഹൈ’ എന്നതിന്റെ കീഴിലാണ് ഈ പദ്ധതികൾ അവതരിപ്പിച്ചത്.

സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ, സെബി മുഴുവൻ സമയ അംഗം അമർജീത് സിംഗ്, സെബി എക്‌സിക്യൂട്ടീവ് ഡയറക്ടർ മനോജ് കുമാർ, ആംഫി ചെയർമാൻ സുന്ദീപ് സിക്ക, ആംഫി ചീഫ് എക്‌സിക്യൂട്ടീവ് വെങ്കട്ട് എൻ. ചലസാനി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

മ്യൂച്വൽ ഫണ്ട് വിതരണക്കാരുടെ തൊഴിൽപരമായ കാര്യക്ഷമതയും ധാർമ്മിക നിലവാരവും ഉയർത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്‌സുമായി കൈകോർക്കുന്നു. അടുത്ത 12 മാസത്തിനുള്ളിൽ 10-12 പ്രധാന നഗരങ്ങളിലായി 20 വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ച് 10,000-ത്തോളം വിതരണക്കാർക്ക് പരിശീലനം നൽകും. എൻഐഎസ്എം ഡയറക്ടർ ശശി കൃഷ്ണന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.

സ്വയംസഹായ സംഘാംഗങ്ങൾ, മൈക്രോഫിനാൻസ് ഉപഭോക്താക്കൾ എന്നിവർക്കിടയിൽ സാമ്പത്തിക സാക്ഷരത വളർത്താൻ ആർബിഐ അംഗീകൃത സംഘടനയായ ‘സാ ധൻ’ എന്ന സ്ഥാപനവുമായി സഹകരിക്കും. 5 സംസ്ഥാനങ്ങളിലായി 500 ബോധവൽക്കരണ പരിപാടികളിലൂടെ 25,000 ആളുകളിലേക്ക് എത്തും. കൂടാതെ ബോധവൽക്കരണത്തിനായി 100 ‘നിവേഷ് സഖി’മാരെ സജ്ജരാക്കും. സാ ധൻ ട്രഷററും ഡയറക്ടറുമായ കിരൺ കുമാറിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.

ചെറിയ നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും നിക്ഷേപ ബോധവൽക്കരണം എത്തിക്കാൻ സംഘടിപ്പിക്കുന്ന അനുഭവവേദ്യമായ മേള. ഗെയിമുകൾ, വിദഗ്ധരുമായുള്ള ചർച്ചകൾ, സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ എസ്ഐപി, കൂട്ടുപലിശയുടെ ശക്തി, തട്ടിപ്പുകൾ തടയൽ തുടങ്ങിയവ ലളിതമായി വിശദീകരിക്കുന്നു. ‘വേൾഡ് ഇൻവെസ്റ്റർ വീക്കിൽ’ 5 നഗരങ്ങളിൽ ഇത് ആദ്യഘട്ടമായി പരീക്ഷണ പദ്ധതി എന്ന നിലയിൽ നടപ്പിലാക്കും.

കായികതാരം മിലിന്ദ് സോമന്റെ നേതൃത്വത്തിലുള്ള വനിതാ ഓട്ടമത്സരമായ ‘പിങ്കത്തണുമായി’ സഹകരിച്ച് സ്ത്രീകളിൽ സാമ്പത്തിക സാക്ഷരത വളർത്തുന്നു. 15 നഗരങ്ങളിലെ സിറ്റി മാരത്തൺ പരമ്പരയും 52 നഗരങ്ങളിലെ പിങ്കത്തൺ ദിനവും ഇതിന്റെ ഭാഗമാകും.

ഇന്ത്യൻ മ്യൂച്വൽ ഫണ്ട് മേഖലയുടെ വളർച്ചയും നിക്ഷേപകരുടെ മാറുന്ന രീതികളും വ്യക്തമാക്കുന്ന വിവരശേഖരമായ ‘ഫാക്റ്റ് ബുക്കിന്റെ’ പുതിയ പതിപ്പ് പുറത്തിറക്കി. ക്രിസിൽ ഗ്ലോബൽ കാപ്പബിലിറ്റി സെന്റർ പ്രസിഡന്റ് പ്രീതി അറോറയുടെ സാന്നിധ്യത്തിലാണ് ഇത് പ്രകാശനം ചെയ്തത്.

വീടുകളിലെ സമ്പാദ്യം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലേക്ക് തിരിച്ചുവിടാൻ മ്യൂച്വൽ ഫണ്ടുകൾ സഹായിക്കുന്നു. പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിനാൽ സ്ഥാപനങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഭാവിയിലെ നിക്ഷേപകർ പ്രധാനമായും ചെറിയ നഗരങ്ങളിൽ നിന്നും പുതുതലമുറയിൽ നിന്നുമായിരിക്കും എത്തുകയെന്നും സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.

അച്ചടക്കമുള്ള ദീർഘകാല നിക്ഷേപ ശീലമാണ് മ്യൂച്വൽ ഫണ്ട് മേഖലയുടെ കരുത്ത്. ഈ നേട്ടം സ്ത്രീകൾ, യുവാക്കൾ, ചെറുകിട നഗരങ്ങളിലെ നിക്ഷേപകർ എന്നിവരിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുകയാണ് പുതിയ പദ്ധതികളുടെ ലക്ഷ്യമെന്ന് ആംഫി ചെയർമാൻ സുന്ദീപ് സിക്ക പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer