ന്യൂഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുറന്നുകാട്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷവും പ്രതിപക്ഷത്തിരിക്കാനുള്ള തയ്യാറെടുപ്പ് കോൺഗ്രസ് നടത്തണമെന്നും അമിത് ഷാ പരിഹസിച്ചു.
ഡൽഹിയിലെ വ്യാപാരികളുടെ കച്ചവടം കോൺഗ്രസ് തകർത്തുവെന്നും അമിത് ഷാ ആരോപിച്ചു. അടുത്ത മൂന്ന് തെരഞ്ഞെടുപ്പുകളിൽ പോലും രാഹുൽ ഗാന്ധിക്ക് അധികാരത്തിലെത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും രംഗത്തെത്തി. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് കോൺഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെക്കാൾ മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ ജനാധിപത്യം വിജയിച്ചെന്ന് പറയുന്ന കോൺഗ്രസ്, പരാജയപ്പെടുമ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന് ആരോപിക്കുകയാണെന്നും നിതിൻ നബീൻ പറഞ്ഞു. ഗാന്ധി കുടുംബത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ രാംലീല റാലിക്കെതിരെ ബിജെപി നേതാവ് ജെ.പി. നദ്ദയും വിമർശനവുമായി രംഗത്തെത്തി. രാജ്യത്ത് അശാന്തിയും അരാജകത്വവും സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ പിടിവാശി കാരണം ഡൽഹിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയാണെന്നും ഉത്സവകാലത്ത് നഗരത്തിലെ വ്യാപാരത്തെ ബാധിക്കുന്ന രീതിയിലാണ് റാലി നടത്തുന്നതെന്നും നദ്ദ പറഞ്ഞു.
വ്യാപാരികൾ ആശങ്ക അറിയിച്ച് നേതാക്കൾക്ക് കത്തയച്ചിട്ടും കോൺഗ്രസ് അത് പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയോടുള്ള വിരോധത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെയും കോൺഗ്രസ് എതിർക്കുകയാണോ എന്നും നദ്ദ ചോദിച്ചു. കോൺഗ്രസിന്റെ ‘അരാജകത്വ ടൂൾകിറ്റ്’ പുറത്തായെന്നും രാജ്യത്തെ നയിക്കേണ്ടത് കലാപ രാഷ്ട്രീയമല്ല, ഭരണഘടനയും ജനവിധിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



