തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്നാരോപിച്ച് ബിജെപി. ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എംഎൽഎ സംസ്ഥാന പൊലീസ് മേധാവിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തി സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളിൽ പങ്കെടുക്കാനാണ് അമിത് ഷാ കൊല്ലത്തെത്തിയത്. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങി വാഹനവ്യൂഹത്തിൽ യാത്ര ചെയ്യുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അമിത് ഷായുടെ വാഹനവ്യൂഹത്തിന് സമീപത്തേക്ക് പ്രതിഷേധക്കാർക്ക് എത്താൻ കഴിഞ്ഞത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് ബി.ബി. ഗോപകുമാറിന്റെ പരാതിയിലെ ആരോപണം. വിവിഐപി വാഹനത്തിന് ഏകദേശം 50 മീറ്റർ അകലെയെത്താൻ പ്രതിഷേധക്കാർക്ക് സാധിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധ സംഘത്തിൽ ജനപ്രതിനിധികൾ ഉൾപ്പെട്ടിരുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ വലയത്തിലേക്ക് ഇത്തരമൊരു സംഘത്തിന് എങ്ങനെ പ്രവേശിക്കാനായെന്ന് വിശദമായി പരിശോധിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷണം നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പ്രതിഷേധം മുൻകൂട്ടി കണക്കിലെടുത്ത് അമിത് ഷായുടെ സന്ദർശനത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥയും ഉണ്ടായിരുന്നു.




