കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടും സൂചന ലഭിക്കാത്ത സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആക്ഷൻ കമ്മിറ്റി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് ആക്ഷൻ കമ്മിറ്റി ആവശ്യം ഉന്നയിച്ചു.
ന്യൂ മാഹിയിലെത്തിയ മന്ത്രി ആക്ഷൻ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ ബന്ധപ്പെട്ട് കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും പറയുന്നു.
മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിൽ കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വെച്ചാണ് ശിവസൂര്യ ഓഗസ്റ്റ് എട്ടിന് വീട് വിട്ടത്. പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ശിവസൂര്യയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
ശിവസൂര്യയുടെ ദൃശ്യം ഒരു സിസിടിവി ക്യാമറയിലും പതിയാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. കാശിയിലും പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. യുപി പൊലീസിന്റെ സഹായത്തോടെ നൂറിലേറെ സിസിടിവി ക്യാമറകളും പരിശോധിച്ചു. എന്നാൽ അന്വേഷണത്തിൽ നിർണായക സൂചന ലഭിച്ചില്ല.
ശിവസൂര്യയെ കാണാതായിട്ട് 45 ദിവസം പിന്നിട്ട ശേഷമാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യം ശക്തമാക്കുകയായിരുന്നു.
പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകൾക്ക് പുറമെ കർണാടകയിലെ മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതുവരെ ശിവസൂര്യയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ശിവസൂര്യ. ‘താൻ കാശിയിലേക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും’ എന്നായിരുന്നു വീട് വിട്ടിറങ്ങുന്നതിന് മുമ്പ് ശിവസൂര്യ എഴുതിവെച്ച കുറിപ്പിലെന്ന് പൊലീസ് പറയുന്നു. കൈയിലെ പണം തീരുമ്പോൾ മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ.












